നിപ: മൃഗങ്ങളുടെ രക്ത, സ്രവ സാമ്പിൾ ശേഖരിച്ചു
1454634
Friday, September 20, 2024 4:50 AM IST
വണ്ടൂർ: തിരുവാലി നിപ ബാധിത പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മൃഗസംരക്ഷണ വകുപ്പ്. നിപ മരണം റിപ്പോർട്ട് ചെയ്ത പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മൃഗങ്ങളിൽ നിന്നും രക്ത, സ്രവ സാമ്പിളുകൾ ശേഖരിച്ചു. ഈ സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി അയയ്ക്കും.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ വി. ബിന്ദുവിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് വെറ്ററിനറി സെന്ററിലെ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി, ഡോ. സുശാന്ത് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് തിരുവാലി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചത്.
തുടർന്ന് പഞ്ചായത്തിൽ പ്രത്യേക അവലോകന യോഗവും ചേർന്നു. തിരുവാലി പഞ്ചായത്ത് പ്രസിഡന്റ് എസ്. രാമൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. മൃഗസംരക്ഷണ വകുപ്പിന്റെ പ്രതിരോധ പ്രവർത്തന നടപടികൾ ജില്ലാ മൃഗസംരക്ഷണ ഓഫീസർ വി. ബിന്ദു വിശദീകരിച്ചു.
ജില്ലാ ഓഫീസറിന്റെ നേതൃത്വത്തിൽ ജില്ലാ സർവേജിലൻസ് ടീം അംഗങ്ങളായ ഡോ. ഷാജി, ഡോ. സുശാന്ത്, ഡോ. അബ്ദുൽ നാസർ, തിരുവാലി വെറ്ററിനറി സർജൻ ഡോ. ജിബിൻ ജോർജ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ കെ. സി സുരേഷ് ബാബു, ശ്രീനാഥ്, ഷഹിൻ ഷാ, ശബരി ജാനകി, ഡ്രൈവർ സുന്ദരൻ തുടങ്ങിയവർ പങ്കെടുത്തു.