മുണ്ടക്കൈ ദുരന്തബാധിത പ്രദേശത്തെ കുട്ടികള്‍ക്ക് ഓണസദ്യയൊരുക്കി ഫ്രണ്ട്സ് ക്ലബ്
1453490
Sunday, September 15, 2024 5:18 AM IST
എടക്കര: വയനാട് മുണ്ടക്കൈയിലെയും വെള്ളാര്‍മലയിലെയും കുട്ടികള്‍ക്ക് അതിജീവന പാതയില്‍ ആഹ്ലാദമൊരുക്കി പോത്തുകല്‍ ഫ്രണ്ട്സ് ക്ലബ് പ്രവര്‍ത്തകര്‍.
ചാലിയാര്‍ പുഴയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്ന ക്ലബ് പ്രവര്‍ത്തകരാണ് ദുരിതബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന മേപ്പാടി സ്കൂളിലെത്തി ഓണസദ്യയൊരുക്കി സമഭാവനയുടെയും സന്തോഷത്തിന്റെയും സന്ദേശം പകര്‍ന്നത്. ക്ലബിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കായി മാറ്റിവച്ച തുക ഉപയോഗിച്ചായിരുന്നു സദ്യയൊരുക്കിയത്.
ദുരന്തപശ്ചാത്തലത്തില്‍ ആഘോഷങ്ങളായി ഒന്നുമുണ്ടായില്ലെങ്കിലും വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നത് കാണാന്‍ "മാവേലി’ മാത്രം എത്തിയിരുന്നു. ദുരന്തം ബാധിച്ച മുണ്ടക്കൈ എല്‍പി സ്കൂള്‍, വെള്ളാര്‍മല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മേപ്പാടി ഗവണ്മെന്റ്ഹയര് സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉള്‍പ്പെടെ 3500ലധികം പേര്‍ക്കാണ് ഫ്രണ്ട്സ് ക്ലബ് പ്രവര്‍ത്തകര്‍ സദ്യയൊരുക്കിയത്.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ തെരച്ചിലിലും പോത്തുകല്‍ പോലീസ് സ്റ്റേഷനിലെത്തിക്കുന്ന മൃതദേഹങ്ങളും ശരീരഭാഗങ്ങളും കഴുകി വൃത്തിയാക്കുന്നതിലും ഫ്രണ്ട്സ് ക്ലബ് അംഗങ്ങള്‍ സജീവമായിരുന്നു. ക്ലബ് പ്രസിഡന്റ് കെ. അനസ്, സെക്രട്ടറി ഇണ്ണിമാന്, അംഗങ്ങളായ മാനു പാറമ്മല്‍, അര്‍സല്‍ കുണ്ടിലാടി, അക്ബര്‍, കബീര്‍, അനൂപ് എന്നിവര്‍ നേതൃത്വം നല്കി.