"ഷൊര്‍ണൂര്‍-നിലമ്പൂര്‍ ഓണം എക്സ്പ്രസ് സ്പെഷല്‍ ട്രെയിന്‍ ആരംഭിക്കണം’
1452162
Tuesday, September 10, 2024 4:56 AM IST
പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍-നിലമ്പൂര്‍ ഓണം എക്സ്പ്രസ് സ്പെഷല്‍ ആരംഭിക്കണമെന്ന് ഓള് കേരള റെയില്‍വേ പാസഞ്ചര്‍ വെല്‍ഫെയര്‍ അസോസിയേഷന് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ നിലമ്പൂരിലേക്ക് കണക്ഷന് കിട്ടുവാന്‍ ബുദ്ധിമുട്ടാണ്.
തിരുവനന്തപുരത്ത് നിന്നും മറ്റു വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്ത് 7.47 ന് ഷൊര്‍ണൂരില്‍ എത്തേണ്ട ആലപ്പുഴഎക്സിക്യൂട്ടീവ് എക്സ്പ്രസ് ഏതാനും നാളുകളായി വൈകിയെത്തുന്നതിനാല്‍ 8.10നുള്ള നിലമ്പൂര്‍ ട്രെയിന്‍ കണക്ഷന് കിട്ടാറില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഇതുമൂലം അസമയത്ത് ഷൊര്‍ണൂരില്‍ കുടുങ്ങുകയാണ്.
അതിനാല്‍ ഓണം ഉത്സവനാളില്‍ തിരക്ക് കണക്കിലെടുത്ത് രാത്രി 9.30ന് ഷൊര്‍ണൂരില്‍ നിന്നാരംഭിച്ച് 10.15ന അങ്ങാടിപ്പുറത്ത് രാജ്യറാണിക്ക് ക്രോസിംഗ് കൊടുക്കത്തക്കവിധം സമയം ക്രമീകരിച്ച് രാത്രി 11 മണിയോടെ നിലമ്പൂരില്‍ എത്തുന്ന വിധം ട്രെയിന്‍ ആരംഭിക്കണം.8.30ന് ഷൊര്‍ണൂരില്‍ എത്തുന്ന തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത്, 8.40 ന് എത്തുന്ന
എറണാകുളം-ഷൊര്‍ണൂര്‍ മെമു, 9.10 ന് ഷൊര്‍ണൂരില്‍ എത്തുന്ന തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എന്നീ ട്രെയിനുകള്‍ക്കു നിലമ്പൂരിലേക്ക് കണക്ഷന് കിട്ടുകയും ചെയ്യും.
തിരിച്ച്പിറ്റേദിവസം പുലര്‍ച്ചെ 2.45ന് നിലമ്പൂരില്‍ നിന്ന് യാത്ര തിരിച്ച് 4.05ന് ഷൊര്‍ണൂരിലെത്താന്‍ കഴിയും. തുടര്‍ന്ന് രാജ്യറാണിക്ക് ഷൊര്‍ണൂരില്‍ നിന്നു നിലമ്പൂരിലേക്കു പുറപ്പെടാം.(നിലവില്‍ 3.50ന് ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്കു പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസ് അഞ്ചിന് വാണിയമ്പലം എത്തിയശേഷം 5.45 വരെ അവിടെ ക്രോസിംഗിനുവേണ്ടി പിടിച്ചിടാറുണ്ട്.4.10 ന് ഷൊര്‍ണൂരില്‍ നിന്ന പുറപ്പെട്ടാലും 5.45ന് മാത്രമേ വാണിയമ്പലം വിടാന്‍ കഴിയുകയുള്ളൂ)
ഇങ്ങനെ ക്രമീകരിച്ചാല്‍ 4.30 ന് ഷൊര്‍ണൂരില്‍ നിന്ന് ആരംഭിക്കുന്ന എറണാകുളം മെമുവിന് കണക്ഷന് ലഭ്യമാകും. (തൃശൂര്‍ എത്തിയാല്‍ തിരുവനന്തപുരം ഭാഗത്തേക്ക് ട്രെയിന്‍ കിട്ടും ) ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിന് പാലക്കാട്, കോയമ്പത്തൂര്‍ ഭാഗത്തേക്കും(പാലക്കാട് നിന്ന് തൃച്ചെന്ദുര് എക്സ്പ്രസില്‍ പളനി, മധുര ഭാഗത്തേക്കും ) അതുപോലെ കോഴിക്കോട്, മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിനുകള്‍ക്കും കണക്ഷന് ലഭിക്കുമെന്ന് ഓള് കേരള റെയില്‍വേ പാസഞ്ചര്‍ വെല്‍ഫെയര്‍ അസോസിയേഷന് ആവശ്യപ്പെട്ടു.