കാക്ക ശല്യത്തില്‍ പൊറുതിമുട്ടി ശ്രീധരനും കുടുംബവും
1444874
Wednesday, August 14, 2024 7:51 AM IST
വണ്ടൂര്‍: കാക്ക ശല്യത്തില്‍ പൊറുതിമുട്ടി ഒരു കുടുംബം. കാക്കകള്‍ വീടിനകത്തേക്ക് കയറി തുണികള്‍ അടക്കമുള്ള സാധനങ്ങള്‍ നശിപ്പിക്കുന്നത് പതിവാകുന്നു. പോരൂര്‍ പൂത്രക്കോവ് പള്ളിക്കുന്നിലെ കിഴക്ക് വീട്ടില്‍ ശ്രീധരനും കുടുംബവുമാണ് കാക്ക ശല്യം കാരണം വിഷമത്തിലായത്. ’ആരും പറഞ്ഞാല്‍ വിശ്വസിക്കില്ല. ഈ വീട്ടിലെ ഒരു സാധനവും പുറത്തുവയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണ്’. ശ്രീധരന് പറയുന്നു.
പഴകിയ വസ്ത്രം പോലും പുറത്ത് വച്ചാല്‍ കാക്കകള്‍ എത്തി നശിപ്പിക്കും. വാതിലോ ജനലോ തുറന്നാല്‍ അകത്തിട്ടതും കൊണ്ടുപോകും. ഇത്തരത്തില്‍ എത്രയോ വസ്ത്രങ്ങള്‍ നശിപ്പിച്ചിരിക്കുന്നു.
ജനലും വാതിലും തുറന്നിടാതായതോടെ എയര്ഹോളിനകത്തുകൂടെയും ഔട്ട് ഫാനിന്റെ വിടവിനിടയിലൂടെയും അകത്തുകയറി കാക്കള്‍ സാധനങ്ങള്‍ കൊത്തി നശിപ്പിക്കാനും വിലിച്ചുകൊണ്ടുപോകുവാനും തുടങ്ങി. സാധനങ്ങള്‍ നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ ആദ്യമൊക്കെ ആളുകളെ സംശയിച്ച കുടുംബം പിന്നെയാണ് കാക്കയാണ് വില്ലനെന്ന് തിരിച്ചറിയുന്നത്. മനുഷ്യര്‍ക്ക് കൈകൊണ്ട് കീറിയെടുക്കാനാകാത്ത പുത്തന്‍ വസ്ത്രങ്ങള്‍ അടക്കം കാക്ക കീറി പറിച്ചെടുത്തിട്ടുണ്ട്. കാക്ക ശല്യം കടുത്തതോടെ വീടിന്റെ അടുക്കളയ്ക്കു ചുറ്റും ശ്രീധരന് വല സ്ഥാപിച്ചെങ്കിലും അതും കാക്കകള്‍ നശിപ്പിച്ചു. നിരവധി കാക്കകള്‍ പ്രദേശത്തുണ്ടെങ്കിലും ആറ് കാക്കകളാണ് പരാക്രമം കാട്ടുന്നതെന്ന് ശ്രീധരന്റെ കുടുംബം പറയുന്നു.
നഷ്ടപ്പെടുന്ന വസ്തുക്കള്‍ തൊട്ടടുത്ത പറമ്പില്‍ നിന്നോ മറ്റോ ആണ് കണ്ടെടുക്കാറുള്ളത്. ശല്യം പരിധി വിട്ടതോടെ എയര്ഹോള്, ഔട്ട്ഫാനിന്റെ വിടവുകള്‍ തുടങ്ങിയ എല്ലായിടത്തും ഇരുമ്പു വലകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ശ്രീധരന്.
ഇതിനകം 50,000 ത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായും ഇദ്ദേഹം പറയുന്നു. കാക്കകള്‍ ഇനി വീട്ടിലെ കുട്ടികളെ അടക്കം അക്രമിക്കുമോ എന്ന ഭയവും ഇവര്‍ക്കുണ്ട്. വിഷയം പഞ്ചായത്തില്‍ അടക്കം പരാതിപ്പെട്ടെങ്കിലും പരിഹാര നടപടികളുണ്ടായിട്ടില്ല.