വയനാടിന് മലപ്പുറത്തിന്റെ സ്നേഹസ്പര്‍ശം: വെള്ളാര്‍മല സ്കൂളിലേക്ക് പഠന കിറ്റ്
1444534
Tuesday, August 13, 2024 5:02 AM IST
മലപ്പുറം: റീബില്‍ഡ് വയനാട് പദ്ധതിയുടെ ഭാഗമായി വെള്ളാര്‍മല ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ക്ക് കൈമാറുന്നതിനായി മലപ്പുറം ജില്ലയിലെ സ്കൂളുകളില്‍ നിന്നു തയാറാക്കിയ പഠന കിറ്റുകള്‍ കൈമാറി. പഠനകിറ്റ് വഹിച്ചുള്ള വാഹനത്തിന്റെ ഫ്ളാഗ് ഓഫ് മലപ്പുറം കളക്ടറേറ്റ് അങ്കണത്തില്‍ കളക്ടര്‍ വി.ആര്. വിനോദ് നിര്‍വഹിച്ചു.
ചടങ്ങില്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. രമേഷ് കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ രമേഷ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഹൈസ്കൂള്‍ പ്രധാനാധ്യാപക ഫോറം കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മലപ്പുറം ജില്ലയിലെ ഓരോ ഹൈസ്കൂളില്‍നിന്നു പരമാവധി മൂന്ന് കിറ്റുകള്‍ എന്ന തോതില്‍ നാലു വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി ശേഖരിച്ച 668 കിറ്റുകളാണ് വയനാട്ടിലെത്തിച്ചത്.
ബാഗ്, ഇന്‍സ്ട്രുമെന്റ് ബോക്സ്, കുട, 10 നോട്ട് ബുക്കുകള്‍, സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍, സ്റ്റീല്‍ പ്ലേറ്റ്, സ്റ്റീല്‍ ഗ്ലാസ്, രണ്ടു പെന്സിലുകള്, രണ്ടു പേന, കളര്‍ ക്രയോണ്‍സ് എന്നിവയാണ് ഓരോ കിറ്റിലും അടങ്ങിയിട്ടുള്ളത്.