കുട്ടിയാപ്പുവിന്റെ വിയോഗത്തിലൂടെ നഷ്ടമായത് സൗമ്യനായ നേതാവിനെ
1435969
Sunday, July 14, 2024 5:52 AM IST
മഞ്ചേരി: തൃക്കലങ്ങോട് സിപിഎം ലോക്കല്‍ സെക്രട്ടറി മുഹമ്മദാലി എന്ന കുട്ടിയാപ്പുവിന്റെ നിര്യാണത്തോടെ നഷ്ടമായത് സൗമ്യനായ നേതാവിനെ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നെഞ്ചിലേറ്റിയ നാട്ടുകാരുടെ പ്രിയപ്പെട്ട നേതാവായിരുന്നു അദ്ദേഹം.
ഇതര രാഷ്ട്രീയ നേതാക്കളോടും പ്രവര്‍ത്തകരോടുമെല്ലാം അടുത്ത സൗഹൃദം പുലര്‍ത്തി. സിപിഎമ്മിന്റെ ഉയര്‍ന്ന നേതാക്കളുമായും ബന്ധം പുലര്‍ത്തിയിരുന്നു. തൃക്കലങ്ങോട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
2010-15 കാലയളവിലാണ് പുളിങ്ങോട്ടുപുറത്ത് നിന്നു തെരഞ്ഞെടുക്കപ്പെട്ട് പഞ്ചായത്തംഗമായത്. എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്. അക്കാലത്ത് കര്‍ഷക തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം നേരിട്ട് കണ്ടു മനസിലാക്കി അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മുന്നിട്ടിറങ്ങി.
പിന്നീട് സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗമായി. എന്‍ആര്‍ഇജിഎസ് വര്‍ക്കേഴ്സ് യൂണിയന് തൃക്കലങ്ങോട് പഞ്ചായത്തില്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഒട്ടനവധി സമര പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്കി. ദീര്‍ഘകാലം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മുന്‍ മന്ത്രി ടി.കെ. ഹംസ, മുന്‍ എംഎല്‍എമാരായ അഡ്വ. എം. ഉമ്മര്‍, എന്‍. കണ്ണന്, വി. ശശികുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണന് പാണ്ടിക്കാട്, ഭാസ്കരന് എളയൂര്‍, ബി.എം. റസാക്ക്, പി.കെ. മുബഷീര്‍, അല്‍ ഫലാഹ് ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്ക്കര്‍ ആമയൂര്‍, തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷ, ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
കബറടക്കത്തിന് ശേഷം ആമയൂര്‍ അങ്ങാടിയില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. ജില്ലാ സെക്രട്ടറിയറ്റ് മെന്പര് വി.എം. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. കെ.പി. മധു അധ്യക്ഷത വഹിച്ചു.