അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തു
1435380
Friday, July 12, 2024 4:06 AM IST
നിലമ്പൂര്‍: പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും മറ്റും നീക്കം ചെയ്തു. നിലമ്പൂര്‍ നഗരസഭ ഉദ്യോഗസ്ഥരും പിഡബ്ല്യുഡി, നിലമ്പൂര്‍ പോലീസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നിലമ്പൂര്‍ കെഎന്‍ജി റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും മറ്റും നീക്കം ചെയ്തത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.
മുന്‍പ് കൊടിമരങ്ങളും ഫ്ളക്സ് ബോര്‍ഡുകളും നഗരസഭയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തിരുന്നു. വടപുറം പാലത്തില്‍ നിന്ന് തുടങ്ങി നിലമ്പൂര്‍ നഗരസഭാ പരിധിയിലെ പ്രധാനറോഡ് കടന്നുപോകുന്ന ഇരുവശങ്ങളിലും ഉള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യും. രാഷ്ട്രീയപാര്‍ട്ടികളുടെയും വിവിധ സ്ഥാപനങ്ങളുടെയും പരസ്യ ബോര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ക്കെതിരേ പിഴ ചുമത്തും എന്നും അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ മുതലാണ് നീക്കം ചെയ്യല്‍ നടപടി ആരംഭിച്ചത്. മുന്‍പ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഇത് മുഖവിലക്കെടുക്കാതെയാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. തുടര്‍ ദിവസങ്ങളിലും നടപടി കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് അധികാരികള്‍.
അടുത്ത ദിവസങ്ങളില്‍ സമീപ തദ്ദേശസ്ഥാപനങ്ങളിലും പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സഹായത്തോടെ നീക്കം ചെയ്യല്‍ നടപടി തുടരുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.