ബ്രൂസെല്ലോസിസ് വാക്സിനേഷന് കാന്പയിൻ ജില്ലാതല ഉദ്ഘാടനം
1430620
Friday, June 21, 2024 5:53 AM IST
മലപ്പുറം: പശുക്കുട്ടികള്ക്കും എരുമക്കുട്ടികള്‍ക്കുമുള്ള ബ്രൂസെല്ലോസിസ് വാക്സിനേഷന് കാന്പയിനിന്റെ രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സഖറിയ സാദിഖ് മധുരക്കറിയന്‍ നിര്‍വഹിച്ചു.
മലപ്പുറം ജില്ലാ വെറ്ററിനറി കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ചീഫ് വെറ്ററിനറി ഓഫീസറും ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്ററുമായ ഡോ. കെ. ഷാജി അധ്യക്ഷത വഹിച്ചു. നാലു മുതല്‍ എട്ടു മാസം വരെ പ്രായമുള്ള പശുക്കിടാങ്ങള്‍, എരുമക്കിടാങ്ങള്‍ എന്നിവയ്ക്കാണ് കുത്തിവയ്പ്പ് എടുക്കേണ്ടത്. 25 വരെയാണ് സംസ്ഥാനത്തൊട്ടാകെ കുത്തിവയ്പ്പ് നടത്തുന്നത്.
കാന്പയിനിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് കുത്തിവയ്പ്പ് നടത്തും. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ള രോഗമായതിനാല്‍ ജില്ലയിലെ മുഴവന്‍ ക്ഷീര കര്‍ഷകരും പശുക്കുട്ടികളെയും എരുമക്കുട്ടികളെയും കുത്തിവയ്പ്പിന് വിധേയമാക്കണമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആവശ്യപ്പെട്ടു.
ചടങ്ങില്‍ താലൂക്ക് കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ. എം.ജി. ബിന്ദു (നിലമ്പൂര്‍), ഡോ. ഇ കുഞ്ഞിമൊയ്തീന്‍ (ഏറനാട്), ഡോ. സി. മൃദുല (പെരിന്തല്‍മണ്ണ) തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ.സുശാന്ത്.വി.എസ് സ്വാഗതവും ഫീല്‍ഡ് ഓഫീസര്‍ ഒ.ഹസ്സന്‍കുട്ടി നന്ദിയും പറഞ്ഞു.