ലൈംഗികാതിക്രമം; പ്രതിക്ക് 11 വർഷം കഠിന തടവ്
1430619
Friday, June 21, 2024 5:53 AM IST
പെരിന്തല്‍മണ്ണ: പതിനാലുകാരിയായ മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 43 കാരനെ 11 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കണം.
പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജ് എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം വീതം കഠിനതടവും 25,000 രൂപ വീതം പിഴയും മറ്റൊരു വകുപ്പില്‍ ഒരുവര്‍ഷം കഠിനതടവുമാണ് ശിക്ഷ.
ഇത് ഒരുമിച്ച് അനുഭവിച്ചാല്‍മതി. പ്രതി പിഴ അടക്കുന്നപക്ഷം 50,000 രൂപ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവിട്ടു. വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയോടും നിര്‍ദേശിച്ചു.
പെരിന്തല്‍മണ്ണ എസ്ഐമാരായിരുന്ന എ.എം. യാസിര്‍, കെ.കെ. തുളസി എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി.
തെളിവിലേക്കായി 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.