‘രൂക്ഷമായ കന്നുകാലി ശല്യം പരിഹരിക്കുക’
1430403
Thursday, June 20, 2024 5:37 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികൾ വ്യാപാരികൾക്കും യാത്രക്കാർക്കും ഒരേപോലെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
രാത്രികാലങ്ങളിൽ കടകളുടെ മുന്നിലും കോംപ്ലക്സുകളിലും ഇവ വൃത്തികേടാക്കുന്നു. രാവിലെ കട തുറക്കുന്ന വ്യാപാരികൾക്ക് ഇത് വളരെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. അതുപോലെ ബൈപാസിലും മറ്റ് റോഡുകളിലും കന്നുകാലികൾ കയറി ഗതാഗത സ്തംഭനവും സൃഷ്ടിക്കുന്നു. ഈ കന്നുകാലികൾ ഉടമയുള്ളതും എന്നാൽ വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും ആണ്.
പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഗതാഗതത്തിനും വളരെ പ്രയാസങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ കന്നുകാലികളുടെ ശല്യം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പെരിന്തൽമണ്ണ മർച്ചന്റസ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നഗരസഭക്ക് നിവേദനം നൽകി.
പ്രസിഡന്റ് പി.ടി.എസ് മൂസ്സു, സെക്രട്ടറി പി.പി. സൈതലവി, ട്രഷറർ ലത്തീഫ് ടാലന്റ് എന്നിവർ സംബന്ധിച്ചു.