ശുചിത്വ പ്രവർത്തനം: ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു
1429451
Saturday, June 15, 2024 5:42 AM IST
എടപ്പറ്റ: ശുചിത്വപ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പുളിയക്കോട് പാറയിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ. കബീർ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു. 2023-24 സാമ്പത്തികവർഷത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതിയിൽനിന്ന് വകയിരുത്തിയ 1.20 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്.
പഞ്ചായത്തിലെ 15 വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഒന്നാംഘട്ടത്തിൽ ഓരോ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതു തടയാനാണിത്.ബൂത്തിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഹരിതകർമസേന ശേഖരിച്ച് സംഭരണകേന്ദ്രത്തിലേക്കു മാറ്റും.
പദ്ധതി വിജയകരമെങ്കിൽ രണ്ടാംഘട്ടം വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബോട്ടിൽ ബൂത്തുകളുണ്ടാകും. വൈസ് പ്രസിഡന്റ് ടി.ടി. റഹ്മത്ത് അധ്യക്ഷത വഹിച്ചു. പി. ജോർജ് മാത്യു, വലിയാട്ടിൽ സഫിയ, കെ. ഹസീന റാഫി, ഇ. അബ്ദുൾനാസർ, ചിത്രാ പ്രഭാകരൻ, സരിത സുരേഷ്, സി.കെ. ഹാജറ, പി. ബിനുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.