പ്രളയത്തില്‍ തകര്‍ന്ന അമ്പിട്ടാംപൊട്ടി പാലം നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി
1429043
Thursday, June 13, 2024 6:01 AM IST
എടക്കര: കേന്ദ്ര സര്‍ക്കാരിന്റെ സേതുബന്ധന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോത്തുകല്‍ പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി പാലം നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി. ചാലിയാര്‍ പുഴയ്ക്ക് കുറുകെ അമ്പിട്ടാംപൊട്ടി-ശാന്തിഗ്രാം പാലം നിർമാണത്തിന് 12.50 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് (സിആര്‍ഐഎഫ് ) നു കീഴില്‍ വരുന്ന പദ്ധതിയാണ് സേതുബന്ധന്‍. പദ്ധതി പ്രകാരം നിര്‍മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനും ഏറ്റെടുക്കുന്ന സ്ഥലത്തെ വൈദ്യുതിപോസ്റ്റുകള്‍, മരങ്ങള്‍ ഉള്‍പ്പെടെ തടസങ്ങള്‍ നീക്കുന്നതിനുമുള്ള ചെലവുള്‍പ്പെടെ സംസ്ഥാന സര്ക്കാര്വഹിക്കണം. 2019 ലെ പളയത്തിലാണ് അമ്പിട്ടാംപൊട്ടി നടപ്പാലം ഒലിച്ചുപോയത്.
നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് അപ്രോച്ച് റോഡിനായി ഭൂമി നേരത്തെ വിട്ടുകിട്ടിയിട്ടുണ്ട്. പുതിയതയി നിര്‍മിക്കുന്ന പാലത്തിന് 113 മീറ്റര്‍ നീളവും, 13 മീറ്റര്‍ വീതിയുമാണുണ്ടാകുക.
അപ്രോച്ച് റോഡ് അമ്പിട്ടാംപൊട്ടി ഭാഗത്ത് 50 മീറ്റര്‍ നീളത്തിലും, എട്ട് മീറ്റര്‍ വീതിയിലും നിര്‍മിക്കും. ശാന്തിഗ്രാം ഭാഗത്ത് 20 മീറ്റര്‍ നീളത്തിലും, 13 മീറ്റര്‍ വീതിയിലുമായിരിക്കും അപ്രോച്ച് റോഡ് നിര്‍മിക്കുക. പാലത്തിന് അനുമതിയായതോടെ ചാലിയാര്‍ പുഴയ്ക്ക് അക്കരയുള്ള ആയിരക്കണക്കിന് ജനങ്ങളുടെ ചിരകാല ദുരിതത്തിന് അറുതിയാകും.