റിസോര്‍ട്ട് നിര്‍മിക്കണോ?...ചാലിയാറിലേക്ക് വരൂ..... നികുതിയും വേണ്ട, അനുമതിയും വേണ്ട
1425379
Monday, May 27, 2024 7:52 AM IST
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തില്‍ റിസോര്‍ട്ട് നടത്താന്‍ പഞ്ചായത്തിന്റെ കെട്ടിട നമ്പറോ ആരോഗ്യ വകുപ്പിന്റെ ലൈസന്‍സോ വേണ്ട. ഉദ്യോഗസ്ഥ-രാഷ്ട്രീയ ഒത്താശയോടെ റിസോര്‍ട്ട് ഉടമകള്‍ നടത്തുന്നത് വന്‍ നികുതി വെട്ടിപ്പ്. പഞ്ചായത്തില്‍ നിയമങ്ങള്‍ പാലിച്ച് എത്ര റിസോര്‍ട്ടുകള്‍ ഉണ്ടെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ക്ക് അറിയില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ മറുപടി.
പഞ്ചായത്തിനും അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഔദ്യോഗിക വാഹനങ്ങള്‍ ഉണ്ടെങ്കിലും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാന്‍ സമയമില്ല. നിലമ്പൂര്‍ മേഖലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ റിസോര്‍ട്ടുകള്‍ നിര്‍മിച്ചിട്ടുള്ള സംസ്ഥാനത്തെ തന്നെ പ്രധാന കേന്ദ്രമാണ് മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് മേഖല. എന്നാല്‍ നികുതിയിനത്തില്‍ ലഭിക്കേണ്ട വരുമാനം മാത്രം പഞ്ചായത്തിന് ലഭിക്കുന്നില്ല. ഇതിന് പ്രധാന കാരണം റിസോര്‍ട്ടുകള്‍ എത്രയുണ്ട്, ഓരോ റിസോര്‍ട്ടുകളിലും എത്ര മുറികള്‍ വാടകക്ക് നല്‍കുന്നുണ്ട് എന്ന് ചോദിച്ചാല്‍ പഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കും അറിയില്ല.
പഞ്ചായത്ത് ഓഫിസില്‍ നിന്ന് കേവലം 20 കിലോമീറ്ററിനുള്ളിലാണ് കൂണുകള്‍ മുളച്ച് പൊന്തുന്നതു പോലെ റിസോര്‍ട്ടുകള്‍ നിര്‍മിച്ചിട്ടുള്ളത്. എന്നിട്ടും നിയമപരമായി ലഭിക്കേണ്ട നികുതി പണം ലഭ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
നികുതി പിരിക്കണമെങ്കില്‍ റിസോര്‍ട്ടുകള്‍ക്ക് പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കേണ്ടെ?. അത് നല്‍കാനും തയാറല്ല. വലിയ തുകയാണ് റിസോര്‍ട്ടുകളിലെ മുറികള്‍ക്ക് ദിവസവാടകയായി ഈടാക്കുന്നത്. ചാലിയാര്‍ പഞ്ചായത്തില്‍ റിസോര്‍ട്ടുകള്‍ നടത്താന്‍ കെട്ടിട നമ്പര്‍ പോലും വേണ്ടന്നാണ് റിസോര്‍ട്ട് ഉടമകള്‍ തന്നെ പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടിക്കാരെയും ഉദ്യോഗസ്ഥരെയും വേണ്ട പോലെ കാണുന്നുണ്ടെന്നാണ് ഒരു റിസോര്‍ട്ട് ഉടമ പറഞ്ഞത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്കായി ഓരോ മുന്നണികളും പിരിച്ച രസീതിന്റെ കൂപ്പണകളും ചിലര്‍ കാണിച്ചു. കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ കക്കാടംപൊയിലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട്, നായാടംപൊയില്‍, തോട്ടപ്പള്ളി ഭാഗങ്ങള്‍. അതിനാല്‍ തന്നെ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തില്‍ നിന്നും ചാലിയാര്‍ പഞ്ചായത്തില്‍ നിന്നും പിരിവിനായി നേതാക്കള്‍ കയറിയിറങ്ങുന്നു. ഓരോ റിസോര്‍ട്ട് ഉടമകളും മൂന്ന് മുന്നണികള്‍ക്കുമായി ലോക്സഭാ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയത് 50,000 രൂപ വീതമാണ്. രസീതില്‍ കൂടരഞ്ഞി പഞ്ചായത്തില്‍ നിന്നും ചാലിയാര്‍ പഞ്ചായത്തില്‍ നിന്നും നേതാക്കള്‍ വാങ്ങിയ കണക്കുകള്‍ ഉണ്ട്. പാര്‍ട്ടി പത്രങ്ങളുടെ പ്രചാരണത്തിന് സമ്മേളനങ്ങള്‍ ഉള്‍പ്പെടെ വിവിധ പിരിവുകളും റിസോര്‍ട്ട് ഉടമകള്‍ നല്‍കുന്നുണ്ട്. ഓരോ റിസോര്‍ട്ടിലും എത്തി ആദായ നികുതി വകുപ്പ് പരിശോധന നടത്തിയാല്‍ ഇത് വ്യക്തമാകും.
ഉദ്യോഗസ്ഥ- രാഷ്ട്രീയ, റിസോര്‍ട്ട് ഉടമകള്‍ എന്നിവരുടെ കൂട്ടുകെട്ടാണ് പഞ്ചായത്തിന് ലഭിക്കേണ്ട നികുതി പണത്തിന് തടസമാകുന്നത്. കൃത്യമായ രീതിയില്‍ റിസോര്‍ട്ടുകളില്‍ നിന്ന് നികുതിയിനത്തില്‍ ലഭിക്കേണ്ട പണം വാങ്ങിയാല്‍ ചാലിയാര്‍ പഞ്ചായത്തിന്റെ നികുതി വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടാകും. റിസോര്‍ട്ടുകളില്‍ പരിശോധന നടത്തി ശുചിത്വം ഉറപ്പ് വരുത്തേണ്ട ആരോഗ്യ വകുപ്പും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല.
സൗജന്യമായി റിസോര്‍ട്ടില്‍ താമസിക്കാന്‍ അവസരം ലഭിച്ചാല്‍ ചില ഉദ്യോഗസ്ഥര്‍ക്ക് പിന്നെ എല്ലാം ശരിയാണെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കാനും മടിയില്ല. നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് ഉടമകളും മേഖലയില്‍ ഉണ്ടെങ്കിലും ഇവരുടെ എണ്ണം കുറവാണ്. റിസോര്‍ട്ട് ഉടമകള്‍ക്ക് ആര് മണിക്കെട്ടും എന്ന ചോദ്യത്തിന് മാത്രം മറുപടിയില്ല.