കാട്ടുപന്നികൾ മൂലം ഗതികെട്ട് വാഹനയാത്രക്കാർ
1424820
Saturday, May 25, 2024 5:59 AM IST
കാളികാവ്: റോഡിന് കുറുകെയോടിയ കാട്ടുപന്നിയുടെ കുത്തേറ്റ് ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം - കാളികാവ് മലയോര ഹൈവേയിലെ പുല്ലങ്കോട് വച്ച് രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരനായ പുല്ലങ്കോട് മൂക്കുമ്മൽ ഫൈസൽ ബാബുവിനാണ് കഴുത്തെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റത്.
പൂക്കോട്ടുംപാടത്ത് നിന്ന് ജോലി കഴിഞ്ഞ് പുല്ലങ്കോടിലേക്ക് വരികയായിരുന്നു. ഇതിനിടെ പുല്ലങ്കോട് അങ്ങാടിക്കടുത്ത് വച്ചാണ് ഫൈസൽ ബാബു ഓടിച്ച ബൈക്ക് പന്നി കുത്തിമറിച്ചിട്ടത്. ശരീരത്തിൽ മുറിവ് പറ്റുകയും കോളർ ബോൺ പൊട്ടുകയും ചെയ്തു. ജനവാസ മേഖലയിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ ഇതിനോടകം തന്നെ നിരവധി പേർക്കാണ് പരിക്കേറ്റിട്ടുള്ളത്.
കഴിഞ്ഞ ദിവസം കരുവാരകുണ്ട് കാളികാവ് മലയോരപാതയിൽ പന്നിക്കൂട്ടം കുറുകെ ചാടി കാറ് താഴ്ചയിലക്ക് മറിഞ്ഞിരുന്നു. പലരും തലനാരിഴക്കാണ് രക്ഷപെടുന്നത്. മനുഷ്യജീവനും കൃഷികൾക്കും ഭീഷണിയായ കാട്ടുപന്നികൾ വനത്തിൽ നിന്നിറങ്ങി ജനവാസ മേഖലയാണിപ്പോൾ താവളമാക്കിയിരിക്കുന്നത്.