ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്കം: മഞ്ചേരി നഗരസഭയില്‍ യോഗം ചേര്‍ന്നു
1424608
Friday, May 24, 2024 5:23 AM IST
മഞ്ചേരി: കാലവര്‍ഷ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മാര്‍ഗരേഖയായ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നഗരസഭതല ദുരന്തനിവാരണ സേന രൂപീകരിക്കുന്നതിനുമായുള്ള പ്രാഥമിക യോഗം നഗരസഭയില്‍ ചേര്‍ന്നു.
ചെയര്പേഴ്സന് വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് വി.പി ഫിറോസ് അധ്യക്ഷത വഹിച്ചു. ഏറനാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. മുകുന്ദന്, നഗരസഭ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. സലീം എന്നിവര്‍ വിഷയാവതരണം നടത്തി.
അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഫയര്‍ഫോഴ്സ്, കെഎസ്ഇബി പ്രതിനിധികള്‍ വിശദീകരിച്ചു. യോഗത്തില്‍ ദുരന്തനിവാരണമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് ഓറഞ്ച് ബുക്ക് പ്രകാരം ചുമതലപ്പെടുത്തിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിതരണം ചെയ്തു.
അതു പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പുതലത്തില്‍ നടപ്പിലാക്കുന്നതിനും നഗരസഭ തലത്തില്‍ എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും, ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനും യോഗം തീരുമാനിച്ചു.
ദുരന്തനിവാരണത്തിനായി വില്ലേജ് തലത്തിലും നഗരസഭാതലത്തിലും ദുരന്തനിവാരണ സേന രൂപീകരിക്കാനും ധാരണയായി. ദുരന്തങ്ങള്‍ നേരിടുന്നതിനും മാനേജ് ചെയ്യുന്നതിനും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നഗരസഭ തലത്തില്‍ ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, എന്‍.കെ. ഖൈറുന്നീസ, സി.സക്കീന എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എച്ച്.സിമി സ്വാഗതവും റവന്യൂ വിഭാഗം സൂപ്രണ്ട് പ്രദീപന് നന്ദിയും പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, മൈനിംഗ് ആന്‍ഡ് ജിയോളജി, പൊതുമരാമത്ത്, ആരോഗ്യവകുപ്പ്, വെറ്ററിനറി തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികള്‍, ട്രോമാകെയര്‍, കുടുംബശ്രീ, ബിഎല്‍ഒമാര്‍, എന്‍എസ്എസ് വോളണ്ടിയര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, നഗരസഭ എന്‍ജിനീയര്‍, സൂപ്രണ്ട്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.