മഴ; റോഡ് ഗതാഗതം താറുമാറായി
1423998
Tuesday, May 21, 2024 7:19 AM IST
നിലമ്പൂര്‍: മഴ പെയ്തു തുടങ്ങിയതോടെ ദുരിതവും തുടങ്ങി. വല്ലപ്പുഴചാലില് റോഡില്‍ മഴ പെയ്താല്‍ വെള്ളം കെട്ടി നില്ക്കുന്ന അവസ്ഥയാണ്. രണ്ടു വര്‍ഷമായി അധികൃതരുടെ മുന്നില്‍ ഈ പ്രശ്നം പ്രദേശവാസികള്‍ പല തവണ ഉന്നയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. കാറുകള്‍, ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയുണ്ടായി.
സമീപത്തെ വീടുകളുടെയും കടകളുടെയും മുന്നില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ക്ക് യാത്ര ചെയ്യേണ്ട റോഡാണ് തോടായി മാറിയിരിക്കുന്നത്.
കരുവാരകുണ്ട്: കനത്ത മഴയില്‍ സംസ്ഥാനപാതയോരത്തെ മാവ് കടപുഴകി വീണു. നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാനപാതയില്‍ മാമ്പുഴയിലെ മാവാണ് കടപുഴകി വീണത്. രാത്രിയായതിനാല്‍ അപകടങ്ങളില്ലാതെ രക്ഷപ്പെട്ടു.
പുലര്‍ച്ചെയാണ് നാട്ടുകാര്‍ മാവ് വീണതറിഞ്ഞത്. ഉടനെ പരിസരവാസികളെത്തി റോഡില്‍ നിന്നു തടസങ്ങള്‍ നീക്കി. വൈദ്യുതി കമ്പികളില്‍ തട്ടാതെയും അടുത്തുള്ള കെട്ടിടങ്ങളില്‍ പതിക്കാതെയും ഒരു വശത്തേക്ക് മറിഞ്ഞു വീണതുകൊണ്ടാണ് അപകടം ഒഴിവായത്.
വണ്ടൂര്‍: വണ്ടൂര്‍ പള്ളിക്കുന്ന് പൊട്ടക്കുന്ന് പുല്ലുവളപ്പില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മലിനജലം ഒഴുകിപോകാന്‍ അഴുക്കുചാല്‍ നിര്‍മിക്കാത്തതാണ് വെള്ളക്കെട്ടിനു കാരണം. നൂറുമീറ്റര്‍ നീളത്തില്‍ മുട്ടിന് മുകളില്‍ ചെളിവെള്ളം നിറഞ്ഞതോടെ സമീപവാസികളും ഇതുവഴി കടന്നുപോകുന്ന വിദ്യാര്‍ഥികളും കഷ്ടത്തിലായി.
നേരത്തേ റോഡിനൊരുവശം വയലുകളായിരുന്നു. വയലില്‍ മണ്ണിട്ട് ഉയര്‍ത്തി വീടുകള്‍ നിര്‍മിച്ചതോടെയാണ് റോഡിലെ മലിനജലം ഒഴുകിപോകാതെ വെള്ളക്കെട്ട് രൂപപ്പെട്ടത്. ചെളിവെള്ളത്തിലൂടെ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നതും ഏറെ ബുദ്ധിമുട്ടാണെന്നു നാട്ടുകാര്‍ പറയുന്നു. ബന്ധപ്പെട്ടവര്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.