ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പില്‍ നിന്നു മാലിന്യങ്ങള്‍ ശേഖരിക്കും
1423282
Saturday, May 18, 2024 5:49 AM IST
മഞ്ചേരി: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഞ്ചേരി നഗരസഭാ പരിധിയിലെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അപ്പോളിസ്റ്ററി സ്ഥാപനങ്ങളുടെ സംഘടനാ പ്രതിനിധികളുമായി യോഗം ചേര്‍ന്നു.
നഗരസഭ പരിധിയിലെ എല്ലാ വര്‍ക്ക്ഷോപ്പ് ഓട്ടോമൊബൈല്‍ സ്ഥാപനങ്ങളും പരിസരവും വൃത്തിയാക്കും. സ്ഥാപനങ്ങളില്‍ കൂടിക്കിടക്കുന്ന ജൈവമാലിന്യങ്ങള്‍ ഈ മാസം അവസാനത്തോടെ നഗരസഭയുടെ നേതൃത്വത്തില്‍ ക്ലീനിംഗ് ഡ്രൈവ് നടത്തും.
മാലിന്യങ്ങള്‍ ശേഖരിച്ച് അവ കൊണ്ടുപോകുന്ന അംഗീകൃത ഏജന്‍സിക്ക് മാലിന്യത്തിന്റെ അളവിനനുസരിച്ച് യൂസര്‍ ഫീ നല്കി കൈമാറുന്നതിനും തീരുമാനിച്ചു. തുടര്‍ന്ന് ഓരോ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങളില്‍ പ്ലാസ്റ്റിക് കവറുകള്‍, പേപ്പര്‍, മറ്റു റീസൈക്കിള്‍ ചെയ്യാവുന്ന സാധനങ്ങള്‍ എന്നിവ എല്ലാ ആഴ്ചയിലും പ്രതിമാസ യൂസര്‍ ഫീ ഈടാക്കി ഹരിത കര്‍മസേന വഴി ശേഖരിക്കും.
റീസൈക്കിള്‍ ചെയ്യാനാകാത്ത റിജെക്ട് മാലിന്യങ്ങള്‍ രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ സ്പെഷല്‍ ഡ്രൈവ് നടത്തി മാലിന്യത്തിന്റെ അളവിനനുസരിച്ച് യൂസര്‍ ഫീ ഈടാക്കി ശേഖരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ച് ലൈസന്‍സ് എടുപ്പിക്കുന്നതിനും യോഗത്തില്‍ ധാരണയായി. ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ റഹീം പുതുക്കൊള്ളി,
ക്ലീന്‍സിറ്റി മാനേജര്‍ ജെ.എ. നുജും, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. സലീം, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപേഷ് തലക്കാട്ട്, ഹരിത കര്‍മസേന ഡിജെഎസ് പ്രതിനിധികള്‍, ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് മേഖലയിലെ എഎഡബ്ല്യുകെ, കെഎഡബ്ല്യുഡബ്ല്യുഎ സംഘടന പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.