തെരഞ്ഞെടുപ്പിനു വാഹനങ്ങള്‍ സജ്ജം
1416923
Wednesday, April 17, 2024 5:29 AM IST
മഞ്ചേരി: ലോക്സഭാ തെരഞ്ഞെടുപ്പിന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ബൂത്തുകളിലേക്കെത്താന്‍ വാഹനങ്ങള്‍ സജ്ജം. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഏറനാട് താലൂക്ക് ഓഫീസില്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍, സെക്ടര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്നു.
ഏറനാട് താലൂക്കിന് കീഴില്‍ വരുന്ന മഞ്ചേരി, മലപ്പുറം, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വാഹനങ്ങളാണ് സജ്ജമാക്കിയത്. മഞ്ചേരി മണ്ഡലത്തിലേക്ക് 28 ബസുകള്‍, അഞ്ച് വാനുകള്‍, 28 ജീപ്പ് എന്നിങ്ങനെയാണ് തയാറാക്കിയിട്ടുള്ളത്.
സെക്ടര്‍ ഓഫീസര്‍മാര്‍ക്കുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെയാണിത്. 10 ബൂത്തുകള്‍ക്കായി ഓരോ സെക്ടര്‍ ഓഫീസര്‍മാര്‍ ഉണ്ടാകും. ഏറനാട് മണ്ഡലത്തിലേക്ക് 37 ബസ്, 24 ജീപ്പ്, മലപ്പുറം മണ്ഡലത്തിലേക്ക് 32 ബസ്, 27 ജീപ്പ് എന്നിങ്ങനെയാണ് ഒരുക്കിയത്. 24ന് ഉച്ചക്ക് രണ്ടിന് വാഹനങ്ങള്‍ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണ കേന്ദ്രങ്ങളിലെത്തണം.
മഞ്ചേരി മണ്ഡലത്തിലെ വാഹനങ്ങള്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഏറനാട് മണ്ഡലത്തിലേത് ചുള്ളക്കാട് യുപി സ്കൂളിലുമാണ് എത്തുക. ഇവിടെ നിന്നാകും തെരഞ്ഞെടുപ്പ് സാധന സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തിലേക്ക് തിരിക്കുക.
ബൂത്തിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ അടങ്ങിയ കിറ്റുകള്‍ വെള്ളിയാഴ്ച താലൂക്ക് ഓഫീസില്‍ തയാറാക്കും. ഏറനാട് തഹസില്‍ദാര്‍ എം.കെ. കിഷോര്‍, ചീഫ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സി.കെ. നജീബ്, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. മുകുന്ദന് എന്നിവര്‍ സംസാരിച്ചു.