ഉത്സവ സീസണിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടി സാധാരണക്കാർ
1415954
Friday, April 12, 2024 5:11 AM IST
കരുവാരകുണ്ട്: ഉത്സവ സീസണിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ വലയ്ക്കുന്നു. ക്ഷേമ പെൻഷനുകൾ ലഭിക്കാതെ വന്നതോടെ വൃദ്ധജനങ്ങളുടെ ജീവിത സാഹചര്യങ്ങളും പ്രതിസന്ധിയിലായി. മാവേലി സ്റ്റോറുകളിൽ നിന്നും ലഭിച്ചിരുന്ന സബ്സിഡി സാധനങ്ങളും അപ്രത്യക്ഷമായി.
ഈസ്റ്റർ, റംസാൻ, വിഷു തുടങ്ങിയ ആഘോഷാവസരങ്ങളിൽ മുൻവർഷങ്ങളിൽ പൊതുജനങ്ങൾക്ക് കുറഞ്ഞ വിലക്ക് വിതരണം നടത്തി വന്നിരുന്ന സ്പെഷൽ ചന്തകളും ഇത്തവണ ഓർമയിൽ മാത്രം.
പലവ്യഞ്ജനങ്ങളടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ദിവസവും ഉയർന്ന നിലവാരത്തിലാണ് പൊതുമാർക്കറ്റുകളിൽ വില്പന നടത്തി വരുന്നത്. നിശ്ചിത വില ഒരിടത്തും ഇല്ല. വിലവിവരപട്ടിക ഒരിടത്തും പ്രദർശിപ്പിക്കാറില്ല. നിത്യോപയോഗ സാധനങ്ങൾക്ക് സിവിൽ സപ്ലൈസിന്റെ ഔട്ട്ലെറ്റുകളിലും വില വർധിപ്പിച്ചിട്ടുണ്ട്.
കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ നൽകി കൊണ്ടിരുന്ന ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത കുറഞ്ഞതാണ് വില വർധനക്ക് സാഹചര്യം സൃഷ്ടിച്ചതെന്നും ആക്ഷേപമുണ്ട്. സബ്സിഡി ഇല്ലാത്ത അരി അൻപത് രൂപ വരെയാണ് മാവേലി സ്റ്റോർ വഴി വിതരണം നടത്തുന്നത്. പഞ്ചസാര, പയറു വർഗങ്ങൾ, മുളക്, മല്ലി എന്നിവ മാവേലി സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായി.
എന്നാൽ അടുത്തയിടെ സർക്കാർ പുതുക്കി നിശ്ചയിച്ച വിലക്ക് മുപ്പതു രൂപാ പ്രകാരം അഞ്ചു കിലോ അരി വീതം കാർഡുടമകൾക്ക് ലഭിക്കുന്നതാണ് ഏക ആശ്വാസം . റേഷൻ കടകളിലെ സ്ഥിതിയും മറിച്ചല്ല. സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്കു വിതരണം നടത്തിവന്നിരുന്ന ആട്ടമാവും മണ്ണെണ്ണയും റേഷൻ കടകളിൽ നിന്നും അപ്രത്യക്ഷമായിട്ട് ഏറെ കാലമായി.
എന്നാൽ കർഷകർ വില്പനക്കെത്തിക്കുന്ന കാർഷികോല്പന്നങ്ങൾക്ക് നിലവിലുള്ളതിന്റെ പകുതി വിലപോലും ലഭിക്കുന്നില്ലന്നും ആക്ഷേപമുണ്ട്. അതേ സമയം കനത്ത വരൾച്ചയെ തുടർന്ന് നാടൻ പച്ചക്കറികൾ മാർക്കറ്റുകളിൽ കിട്ടാക്കനിയായി. വിഷു മുന്നിൽ കണ്ട് കൃഷി ചെയ്തിരുന്ന പച്ചക്കറികൾ ഒന്നാകെ വരൾച്ചയിൽ കരിഞ്ഞു പോയി.
അതിൽ പ്രധാനപ്പെട്ടതാണ് കണി വെള്ളരി. പാടങ്ങളിൽ കൃഷി ചെയ്തിരുന്ന ഏക്കർ കണക്കിന് വെള്ളരി കൃഷിയാണ് നശിച്ചത്. ഈ വർഷം വിഷുവിന് ആവശ്യമായ കണിവെള്ളരിക്ക വാങ്ങാൻ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നും അവിടെയും വരൾച്ചാ പ്രതിസന്ധി ഗുരുതരമായി തുടരുകയാണന്നും വ്യാപാരികൾ പറയുന്നു.
അതേ സമയം മാസം തോറും നൽകി കൊണ്ടിരുന്ന ക്ഷേമ പെൻഷൻ നിർത്തലാക്കിയതും വൃദ്ധജനങ്ങളെ മാനസിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.