ഹോമിയോപ്പതി ദിനാചരണത്തില്‍ ആദരിക്കലും വൃക്ഷത്തൈ നടലും നടത്തി
1415747
Thursday, April 11, 2024 5:33 AM IST
വണ്ടൂര്‍: വണ്ടൂര്‍ ഗവണ്മെന്റ് ഹോമിയോ കാന്‍സര്‍ ആശുപത്രിയില്‍ ലോക ഹോമിയോപ്പതി ദിനാചരണത്തിന്റെ ഭാഗമായി ആദരിക്കല്‍ ചടങ്ങും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു.
ദിനാചരണ ചടങ്ങിന് ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ദിനാചരണത്തിന്റെ ഭാഗമായി ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഡോ. സാമുവല്‍ ഹാനിമാന്റെ ഛായാചിത്രത്തില്‍ ആശുപത്രി ജീവനക്കാര്‍ പുഷ്പാഞ്ജലി നടത്തി.
തുടര്‍ന്ന് എന്‍എഎം മെഡിക്കല്‍ ഓഫീസര്‍ ഡോ. സുധീഷ് ചന്ദ്രന്, ഡോ. സാമുവല്‍ ഹനിമാന്‍ അനുസ്മരണ സന്ദേശം നല്കി. പാലിയേറ്റീവ് രംഗത്ത് സാമൂഹിക പ്രതിബദ്ധത തെളിയിച്ച വണ്ടൂര്‍ പാലിയേറ്റീവ് കെയറിലെ അബ്ദുള്‍ കബീറിനെ ചടങ്ങില്‍ ആദരിച്ചു.
ഹോമിയോപ്പതി ദിനാചരണ സ്മരണയ്ക്കായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നഫീസ ആശുപത്രി വളപ്പില്‍ വൃക്ഷ തൈ നട്ടു. മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. അബ്ദുള്‍ ജലീല്‍, ബി. ആശമോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.