ഞങ്ങളെ വെറുതേ വിടൂ, മാനസിക പീഢനം തുടര്‍ന്നാല്‍ മുന്നില്‍ ആത്മഹത്യമാത്രം പോംവഴി
1396628
Friday, March 1, 2024 5:10 AM IST
നിലമ്പൂര്‍: നിലമ്പൂരിലെ മുഹമ്മദ് ജാസിദിന്റെ മരണത്തില്‍ തങ്ങളെ അനാവശ്യമായി പീഢിപ്പിക്കുകയാണെന്നും മാനസികമായുള്ള പീഢനത്തെ തുടര്‍ന്ന് തങ്ങള്‍ക്ക് പുറത്തേക്കിറങ്ങാനോ ജോലിക്ക് പോകാനോ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും ആരോപണ വിധേയയായ പെണ്‍കുട്ടിയുടെ കുടുംബം.
ഇതിനിയും തുടര്‍ന്നാല്‍ ആത്മഹത്യയല്ലാതെ മറ്റു മാഗമില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം വ്യക്തമാക്കി. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം ഇക്കാര്യമറിയിച്ചത്.
നിലമ്പൂരിലെ മുഹമ്മദ് ജാസിദിന്റെ മരണത്തില്‍ അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിനിരിക്കെയാണ് ആരോപണ വിധേയയായ പെണ്‍കുട്ടിയുടെ മാതാവും സഹോദരനും പെണ്‍കുട്ടിയും ചേര്‍ന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്.
താന്‍ മരിക്കുകയാണെന്ന് ഇന്‍സ്റ്റാഗ്രാം വഴി പോസ്റ്റ് ചെയ്ത് മുക്കട്ട അയ്യാര്‍പൊയില്‍ സ്വദേശി മുഹമ്മദ് ജാസിദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ തങ്ങളുടെ കുടുംബത്തിന് യാതൊരു ബന്ധവുമില്ല. ജാസിദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഫോണ്‍ വഴിയുംമറ്റും നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രൂപം നല്കിയ കര്‍മ്മസമിതി പ്രതിനിധികള്‍ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ജാസിദിന്റെ മരണശേഷം നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് തവണ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഞങ്ങളെ വിളിപ്പിക്കുകയും ഫോണ്‍ അടക്കം പരിശോധിക്കുകയും ചെയ്തതാണെന്നും കുടുംബം പറഞ്ഞു.
പരാതി നല്കിയ പെണ്‍കുട്ടിയും ജാസിദും രണ്ടുവര്‍ഷമായി സ്നേഹബന്ധത്തിലായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചിരുന്നു. ജാസിദിന്റെ വീട്ടുകാര്‍ ബന്ധത്തിന് എതിര്‍ത്തിരുന്നു. ജാസിദിന് മറ്റു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നും അവന്റെ കാര്യങ്ങള്‍ പറയാന്‍ വീട്ടിലേക്ക് വരേണ്ടെന്നും പോലീസില്‍ പരാതി നല്കിയാല് മതിയെന്നും ജാസിദിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നതായും പെണ്‍കുട്ടിയുടെ കുടുംബം വ്യക്തമാക്കി.
എന്നാല്‍ പിന്നീട് ജാസിദ് പലപ്പോഴും പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാനും തന്റെ ഫോണിലുള്ള ചിത്രങ്ങളും മറ്റും സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തിയിരുന്നതായി മാതാവ് പറഞ്ഞു.
ജാസിദിന്റെ മരണത്തില്‍ കുടുംബത്തിനെതിരേ അന്വേഷണം നടത്തി യാഥാർഥ്യം പുറത്തു കൊണ്ടുവരണമെന്ന് ജാസിദിനെതിരേ പരാതി നല്കിയ കുടുംബം ആവശ്യപ്പെട്ടു. നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറയുക മാത്രമാണ് ചെയ്തത്. സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിക്ക് ഇപ്പോള്‍ സ്കൂളില്‍ പോകുന്നതിനോ വീടിന് പുറത്തിറങ്ങുന്നതിനോ കഴിയുന്നില്ല. കടുത്ത മാനസിക പ്രയാസം ഉണ്ടായതിനെ തുടര്‍ന്ന് രണ്ടു തവണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നതായും ഇവര്‍ പറഞ്ഞു.