മലയോര മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു; നിലമ്പൂരില്‍ മലിനജലം കെട്ടി നില്ക്കുന്നു
1396317
Thursday, February 29, 2024 5:02 AM IST
നിലമ്പൂര്‍: മലയോര മേഖലയില്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും നിലമ്പൂര്‍ ടൗണില്‍ മലിന ജലം കെട്ടികിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ല. മലയോരത്ത് പോത്തുകല്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ചു രണ്ടു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഇവിടെ സര്‍വകക്ഷി യോഗം ചേരുകയും പ്രതിരോധ നടപടികള്‍ കൈകൊള്ളുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്തുള്ള പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും അത്തരത്തിലുള്ള പ്രതിരോധ നടപടികള്‍ സജിവമായിട്ടില്ല.
നിലമ്പൂര്‍ ടൗണിന്റെ ഹൃദയ ഭാഗത്ത് അഴുക്കുചാലില്‍ മാലിന്യം കെട്ടികിടക്കുകയാണ്. നിലമ്പൂരിലെ ചില ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, തട്ടുകടകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള മലിനജലവും വഹിച്ചാണ് ഈ ചാല് ഒഴുകുന്നത്. ഇതു നേരെ ചാലിയാറില്‍ ചെന്നാണ് ചേരുന്നത്. കുടിവെള്ളത്തിനായി ചാലിയാറിനെ നേരിട്ടും ചാലിയാറിലെ കുടിവെള്ള പദ്ധതികളെയും ആശ്രയിക്കുന്നവരെ ഇതു പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.
നിലമ്പൂര്‍ ഗവണ്മെന്റ് മോഡല്‍ യുപി സ്കൂളിന് മുന്‍വശത്ത് സിഎന്‍ജി റോഡിനോട് ചേര്‍ന്നാണ് അഴുക്കുചാല്‍. മലിനജലത്തില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നത് നിലമ്പൂര്‍ ടൗണിലെ വ്യാപാരികളെയും സ്കൂള്‍ വിദ്യാര്‍ഥികളെയും ബാധിക്കുന്നുണ്ട്. ഇവിടുത്തുകാര്‍ ഏറെ നാളായി ദുരിതമനുഭവിക്കുകയാണ്.
ദോഷകരമായ ബാക്ടീരിയകളുടെയും രോഗാണുക്കളുടെയും പ്രജനന കേന്ദ്രമായി ഇവിടെ മാറിയിരിക്കുന്നു. വൃത്തിഹീനമായ അവസ്ഥയില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് മഞ്ഞപിത്തം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. നിലമ്പൂര്‍ ടൗണിലെ മലിനജല പ്രശ്നത്തിന് അടിയന്തര നടപടി സ്വീകരിക്കുകയാണാവശ്യം.
ഏറെ കൊട്ടിഘോഷിച്ച് മാലിന്യ സംസ്കരണ പദ്ധതികള്‍ നടത്തുന്ന നിലമ്പൂര്‍ നഗരസഭ അധികൃതരും ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയാണ്. എംഎല്‍എ, എംപി ഉള്‍പ്പെടെയുള്ളവരും നിലമ്പൂരിന്റെ ഹൃദയഭാഗത്തുള്ള ഈ അവസ്ഥ ശ്രദ്ധിച്ചിട്ടില്ല. നിലമ്പൂര്‍ ടൗണ്‍ വികസന പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുമ്പോഴും സമീപത്തെ അഴുക്കുചാലിലെ മാലിന്യം സംബന്ധിച്ച് തീരുമാനങ്ങളില്ലാത്തത് മലയോരത്തെ പൊതുജനാരോഗ്യത്തോടുള്ള വെല്ലുവിളിയാണ്.