പെരിന്തല്‍മണ്ണയില്‍ "ഈഴം’ അരങ്ങേറ്റം ശ്രദ്ധേയമായി
1395910
Tuesday, February 27, 2024 6:56 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തും സാംസ്കാരിക വകുപ്പും വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി പ്രകാരം നടത്തുന്ന കലാപരിശീലനം പൂര്‍ത്തിയാക്കിയ കലാകാരന്മാരുടെ അരങ്ങേറ്റം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്നു.
"ഈഴം’ എന്ന പേരില്‍ നടന്ന അരങ്ങേറ്റം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. വള്ളുവനാടിന്റെ യശസ് ഉയര്‍ത്തിയ കലാപ്രതിഭകളും സാംസ്കാരിക നായകരും ഉദയം കൊണ്ട പെരിന്തല്‍മണ്ണയുടെ കലാസാംസ്കാരിക പൈതൃകം തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഇത്തരം പരിപാടികള്‍ ലക്ഷ്യപ്രാപ്തിക്ക് ഏറെ സഹായകരമാണെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷനായിരുന്നു.
പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
വിഷ്വല്‍ ആര്‍ട്ട് പ്രാക്ടീഷണര്‍ കെ. വിഷ്ണു പ്രിയന്, ആര്.എല്‍.വി. ചൈതന്യ, കലാമണ്ഡലം അനുശ്രീ, കലാമണ്ഡലം ശ്രീരാം, വൈശാഖ്, കലാമണ്ഡലം സുധീഷ്, മുഹമ്മദ് മുസ്തഫ തുടങ്ങിയ അധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
മോഹിനിയാട്ടം, കുച്ചുപ്പുടി, വീണ, ചെണ്ട, നാടന്‍പാട്ട്, മാപ്പിളപ്പാട്ട്, ലളിതഗാനം, ചിത്രരചന എന്നീ മേഖലകളില്‍ രണ്ടുവര്‍ഷമായി നടത്തിയ പരിശീലനത്തില്‍ ഉള്‍പ്പെട്ട ഇരുനൂറിലധികം വിദ്യാര്‍ഥികളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 125 പേരാണ് പരിപാടികള്‍ അവതരിപ്പിച്ചത്. രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത നിറഞ്ഞ സദസിനു മുന്നിലായിരുന്നു അരങ്ങേറ്റം. ബ്ലോക്ക് വൈസ് പ്രസിഡന്റ് വനജകുന്നം കുലത്ത്, സ്ഥിരസമിതി അധ്യക്ഷന്‍ അസീസ് പട്ടിക്കാട്, മുദ്ര ഫാമിലി ക്ലബ് ഡയറക്ടര്‍ ലതിക സതീഷ്, മെംബര്‍മാരായ മുഹമ്മദ് നയിം, വിന്‍സി, നാലകത്ത് ഷൗക്കത്ത്, കമല, പി. ഗിരിജ, എച്ച്.സി. മന്‍സൂര്‍, ചൈതന്യ അങ്ങാടിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.