ജില്ലയിലെ ആദ്യത്തെ ലൈവ് ഫിഷ് ഔട്ട് ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു
1395907
Tuesday, February 27, 2024 6:56 AM IST
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ മൈലാടിയില്‍ നടന്ന ചടങ്ങില്‍ പി.കെ. ബഷീര്‍ എംഎല്‍എ മലപ്പുറം ജില്ലയിലെ ആദ്യ ലൈവ് ഫിഷ് ഔട്ട് ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനാണ് നിലമ്പൂര്‍ മത്സ്യഫെഡിന് കീഴില്‍ മൈലാടിയില്‍ ലൈവ് ഫിഷ് മാര്‍ക്കറ്റിംഗ് ഔട്ട് ലെറ്റ് ആരംഭിച്ചിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. കര്‍ഷകര്‍ക്ക് അവരുടെ മത്സ്യങ്ങള്‍ ന്യായവിലക്ക് വില്‍പ്പന നടത്താന്‍ ഇതിലൂടെ സാധിക്കുമെന്നും ജനങ്ങള്‍ക്ക് മത്സ്യകൃഷിയിലൂടെ വളര്‍ത്തുന്ന മത്സ്യങ്ങള്‍ വാങ്ങാനും അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരന് അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സഹില്‍ അകമ്പാടം, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ തോണിയില്‍ സുരേഷ്, സുമയ്യ പൊന്നാംകടവന്, ഗ്രാമപഞ്ചായത്തംഗങ്ങളായ വിശ്വനാഥന്, മജീദ് മണ്ണുപ്പാടം, പി.ടി. ഉസ്മാന്, ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി. ഗ്രേസി, നിലമ്പൂര്‍ മത്സ്യഭവന് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആര്. രാഹുല്‍, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി. അനിത എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ 60 ശതമാനം സബ്സിഡിയോടെയാണ് ലൈഫ് ഫിഷ് മാര്‍ക്കറ്റിംഗ് ഔട്ട് ലെറ്റ് ആരംഭിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയാണ് ഔട്ട്ലെറ്റിനായി അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആറു ലക്ഷം സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡിയാണ്. ഔട്ട്ലെറ്റ് ഉടമക്ക് നാലു ലക്ഷം തിരിച്ചടച്ചാല്‍ മതി.
മത്സ്യകര്‍ഷകരും ഔട്ട്ലെറ്റ് നടത്തിപ്പുകാരുമായി ചര്‍ച്ച ചെയ്ത് മത്സ്യങ്ങളുടെ വിലയില്‍ ധാരണയായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡിയോടെ മത്സ്യകൃഷി നടത്തുന്ന നിലമ്പൂര്‍ മേഖലയിലെ കര്‍ഷകര്‍ക്ക് തങ്ങള്‍ വളര്‍ത്തുന്ന മത്സ്യങ്ങളെ വില്‍പ്പന നടത്താന്‍ മാര്‍ക്കറ്റ് തേടി പോകേണ്ട അവസ്ഥ വരില്ല. ജനങ്ങള്‍ക്ക് ശുദ്ധമായ മത്സ്യങ്ങള്‍ വാങ്ങാനും ഇതിലൂടെ അവസരം ലഭിക്കും.