കാഴ്ചവെല്ലുവിളി നേരിടുന്നവര്‍ക്ക് വെളിച്ചമായി കേരള സ്കൂള്‍ ഫോര്‍ ദ ബ്ലൈന്റ് ഏഴ് പതിറ്റാണ്ടിലേക്ക്
1394689
Thursday, February 22, 2024 4:40 AM IST
മങ്കട : കാഴ്ചവെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമായി മലപ്പുറം ജില്ലയിലെ മങ്കടക്കടുത്തുള്ള വള്ളിക്കാപ്പറ്റയില്‍ 1955 ല്‍ സ്ഥാപിതമായതാണ് കേരള സ്കൂള്‍ ഫോര്‍ ദ ബ്ലൈന്റ്.
കാഴ്ച നഷ്ടപ്പെട്ട എ.കെ. ചന്ദ്രശേഖരന് നായര്‍, ഒരു വിദ്യാര്‍ഥിയുമായി ആരംഭിച്ച സ്ഥാപനമാണിത്. 69ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും 1500 പേര് പഠനം പൂര്‍ത്തിയാക്കി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നു.
മറ്റു സ്ഥാപനങ്ങള്‍ക്കില്ലാത്ത പല സവിശേഷതകളിലുമെത്തി എന്നുള്ളതാണ് ഈ സ്ഥാപനത്തിന്റെ മേന്മ. 24 ന് മഞ്ഞളാംകുഴി അലി എംഎല്‍എ സ്കൂളിന്റെ 69ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിക്കും. സാമൂഹിക കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
തുടര്‍ന്ന് അധ്യാപക യാത്രയപ്പ് സമ്മേളനം, സ്പര്‍ശം, ടാലന്റ്ഷോ സെമിനാര്‍, കുട്ടികളുടെ കലാപരിപാടികള്‍, ഗാനമേള എന്നിവ നടക്കും.എട്ടു മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് താമസവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ട ഡഫ്ബ്ലൈന്റ് വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നു.
ഈ വിഭാഗത്തില്‍ 24 വിദ്യാര്‍ഥികളുണ്ട്. ഇതു ഇത്തരത്തില്‍ കേരളത്തിലെ ആദ്യ സ്ഥാപനമാണ്. പക്ഷേ, ഇത്രയും കാലമായിട്ടും സര്‍ക്കാര്‍ എയ്ഡ് ഡഫ്ബ്ലൈന്റ് മേഖലയിലെ ഈ ഏക സ്ഥാപനത്തിന് ലഭിച്ചിട്ടില്ല.69 വര്‍ഷം പിന്നിട്ടപ്പോള്‍ പഠന പാഠ്യേതര മേഖലകളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഈ സ്ഥാപനത്തിനായിട്ടുണ്ട്. ഇന്ത്യയിലെത്തന്നെ ആദ്യ ടാക്ടൈല്‍ പെഡഗോഗി പാര്‍ക്ക് ഇവിടെ സ്ഥാപിച്ചു.
ഇതിന് 2017 ല്‍ എസ്സിഇആര്ടിയുടെ മികവിനുള്ള അവാര്‍ഡ് ലഭിച്ചു. തുടര്‍ന്നു ഒന്നുമുതല്‍ ഏഴു വരെയുള്ള പാഠഭാഗത്തെ അടിസ്ഥാനമാക്കി ’നാമ്പ്’ എന്ന പേരില്‍ ടച്ച് ആന്‍ഡ് സ്മെല് ഗാര്ഡന് സ്ഥാപിച്ചു. ഇതും കേരളത്തിലെ വിദ്യാലയങ്ങളില്‍ ആദ്യത്തേതാണ്. ഇതിനുംഅവാര്ഡ് ലഭിക്കുകയുണ്ടായി.
ശാസ്ത്ര പഠനം കാഴ്ച പരിമിത വിദ്യാര്‍ഥികള്‍ക്ക് എന്നും സങ്കീര്‍ണമാണ്. ഇതു ലളിതമാക്കാനായി അനുരൂപീകൃത ശാസ്ത്രലാബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. വിദ്യാലയത്തിലേക്ക് വരുന്ന കാഴ്ചവെല്ലുവിളി നേരിടുന്നവര്‍ക്ക് വഴി തിരിച്ചറിയുന്നതിനായി അടുത്ത കാലത്തായി സ്കൂളിലേക്ക് ടാക്ടൈല്‍ റോഡ് സ്ഥാപിച്ചു.
ആധുനികരീതിയിലുള്ള ഭക്ഷണശാലയും ഇവിടെയുണ്ട്. കുട്ടികള്‍ക്ക് പഠനത്തിനു പുറമെ റഫറന്‍സിനായി വിശാലമായ ലൈബ്രറിയും സജ്ജമാണ്. സാധാരണ സിലബസിനു പുറമെ ക്രാഫ്റ്റ്, മ്യൂസിക്, വിവിധ ക്ലബുകളും ഇവിടെയുണ്ട്. വിദ്യാര്‍ഥികള്‍ ഇവിടെ തന്നെ താമസിച്ചു പഠിക്കുന്നതിനാല്‍ പഠന ശേഷം പച്ചക്കറി കൃഷി ചെയ്യാനും പഠിക്കുന്നു.