നിലമ്പൂരില്‍ മന്ത് രോഗത്തിനു കാരണമായ വിരകളെ കണ്ടെത്തി: ജാഗ്രതാ നിര്‍ദേശം
1394420
Wednesday, February 21, 2024 4:31 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭ പരിധിയില്‍ റെയില്‍വേ ഭാഗത്ത് ഡെങ്കിപ്പനി, മൈക്രോ ഫൈലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഫോഗിംഗ് നടത്തി.
ആരോഗ്യവകുപ്പിന്റെയും ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെയും നേതൃത്വത്തില്‍ നഗരസഭയുടെ സഹകരണത്തോടെയാണ് ഫോഗിംഗ് നടത്തിയത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം നടത്തിയ രാത്രികാല രക്തപരിശോധനയിലാണ് മന്ത് രോഗത്തിനു കാരണമായ മൈക്രോ ഫൈലേറിയ വിരകളെ ഇതരസംസ്ഥാന തൊഴിലാളികളില്‍ കണ്ടെത്തിയത്.
പ്രദേശത്ത് നിന്നു ശേഖരിച്ച കൊതുകുകളിലും രോഗ ഹേതുവായ മൈക്രോഫൈലേറിയ വിരകളെ കണ്ടെത്തിയിരുന്നു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് രോഗത്തെക്കുറിച്ചും ഫോഗിംഗിനെക്കുറിച്ചും ബോധവത്കരണവും നോട്ടീസ് വിതരണവും നടത്തി.
കല്ലടി ഗ്രീന്‍സ് ഭാഗത്തും റെയില്‍വേ സ്റ്റേഷന് ഭാഗത്തും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഡിപ്പോ ഭാഗത്തും ക്യാമ്പ് സൈറ്റിലും യാര്‍ഡിലും വൈകുന്നേരം അഞ്ചു മുതല്‍ ഏഴര വരെ രണ്ടു ഘട്ടങ്ങളിലായാണ് ഫോഗിംഗ് നടത്തിയത്.
നഗരസഭയിലെ മുഴുവന്‍ ആളുകളും ഡെങ്കിപ്പനി, മന്ത് രോഗം തുടങ്ങി കൊതുകുജന്യ രോഗങ്ങള്‍ക്കെതിരേയും ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവയ്ക്കെതിരേയും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി. ജിതിന്, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ജോളമ്മ ചാക്കോ, ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റ് രാഗിണി, ഫീല്‍ഡ് വര്‍ക്കര്‍ യേശുദാസ്, ശങ്കരന്, ദിനേശ് എന്നിവര്‍ നേതൃത്വം നല്കി.