കോട്ടയ്ക്കലില്‍ ഇനി ‘കല’യുടെ രാവുകള്‍
1375566
Sunday, December 3, 2023 7:11 AM IST
കോട്ടക്കല്‍: 34ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിനു ഇന്നു കേളികൊട്ടുണരും. എട്ടു വരെ കോട്ടക്കല്‍ ഗവണ്മെന്റ് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും എടരിക്കോട് പികെഎംഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമായി16 പ്രധാനവേദികളും 22 ക്ലാസ് റൂം വേദികളിലുമായാണ് കലോത്സവം അരങ്ങേറുക. 17 ഉപജില്ലകളില്‍ നിന്നായി പതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ആദ്യദിനമായ ഇന്നു രാജാസിലെ വേദി ഒന്നില്‍ (തസ്രാക്ക്) ചാക്യാര്‍കൂത്ത്, ഓട്ടന്തുള്ളല് എന്നിവയോടെ മത്സരങ്ങള്‍ ആരംഭിക്കും.
വേദി രണ്ടില്‍ (ചിലമ്പൊലി) പൂരക്കളി, പരിചമുട്ട്, യക്ഷഗാനം എന്നിവയും വേദി മൂന്നില്‍ (പാദമുദ്ര) കേരളനടനവും അരങ്ങേറും. വേദി നാലില്‍ (മോഹനം) കഥകളി സംഗീതമാണ്. പികെഎംഎച്ച്എസ്എസിലെ വേദികളില്‍ ഇന്നു ഉപന്യാസം, കഥ, കവിത തുടങ്ങിയ രചനാ മത്സരങ്ങള്‍ നടക്കും. എടരിക്കോട് ക്ലാരി ജിയുപി സ്കൂളിലെ വേദി 17ല്‍ ബാന്‍ഡ്മേളം മത്സരവും നടക്കും.
കലോത്സവത്തിനെത്തുന്ന പതിനായിരത്തിലേറെ വരുന്ന മത്സരാര്‍ഥികളുടെ ആരോഗ്യ, ശുചിത്വ പരിപാലനത്തിനായുള്ള വെല്‍ഫെയര്‍ കമ്മിറ്റി സജ്ജമായി. പ്രധാനവേദിക്കു സമീപത്തായി ഒരുക്കിയ വെല്‍ഫെയര്‍ സെന്ററില്‍ മേള നടക്കുന്ന ദിവസങ്ങളില്‍ മുഴുവന്‍ സമയവും മെഡിക്കല്‍ ടീമിന്റെ സേവനമുണ്ടായിരിക്കും. ആംബുലന്‍സ് സൗകര്യത്തോടെയുള്ള ആരോഗ്യപരിപാലന യൂണിറ്റ് തയാറായിട്ടുണ്ട്.
അഗ്നിശമന സേനയുടെ യൂണിറ്റും സജ്ജമായി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജലസംഭരണികള്‍ അണുവിമുക്തമാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ശുചിമുറികളുടെ വൃത്തി ഉറപ്പാക്കുന്നതിനായി ജീവനക്കാരും പ്രവര്‍ത്തിക്കും. എല്ലാ വേദികള്‍ക്കു സമീപവും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. വൈകിട്ട് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയുടെയും ഗാന്ധിനഗര്‍ റസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ സൗജന്യ ചുക്കുകാപ്പി വിതരണവും മേളയോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്നു വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ കെ. ശ്രീകാന്ത് പറഞ്ഞു. ഇന്നലെ പ്രധാന വേദിക്ക് സമീപമായി തയാറാക്കിയ വെല്‍ഫെയര്‍ ഓഫീസിന്റെ ഉദ്ഘാടനം കോട്ടയ്ക്കല്‍ നഗരസഭാ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ഡോ. അനീഷ ഉദ്ഘാടനം ചെയ്തു.
കലോത്സവത്തിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്വിച്ച് ഓണ്‍ കര്‍മവും നഗരസഭാ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ഡോ. കെ.ഹനീഷ നിര്‍വഹിച്ചു. കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പരിസര പ്രദേശങ്ങളിലും ലൈറ്റ് സംവിധാനവും ഇതോടൊന്നിച്ച് ഉദ്ഘാടനം ചെയ്തു. കെഎസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.മുഹമ്മദലി അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പാറോളി റംല, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ടി. അബ്ദു, കൗണ്‍സിലര്‍മാരായ സി.മുഹമ്മദലി, മണ്ടയപ്പുറം ഹസീന, ഷബ്ന, സുഫൈറ, കെ.മുഹമ്മദലി തുടങ്ങിയവര്‍ പ്രസംഗിച്ചു.