നിലമ്പൂരിലെ ആദിവാസി സമരം കാണാതെ മുഖ്യമന്ത്രിയും മന്ത്രിമാരും
1374969
Friday, December 1, 2023 7:28 AM IST
നിലമ്പൂര്‍: ആദിവാസി സമരക്കാരുടെ പ്രതിഷേധത്തിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും.
നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിന് മുന്നില്‍ കഴിഞ്ഞ 205 ദിവസമായി ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് സുപ്രീം കോടതി വിധി പ്രകാരം ഒരേക്കര്‍ ഭൂമി വീതം അനുവദിക്കുക എന്നാവശ്യപ്പെട്ട് നിലമ്പൂര്‍ ആദിവാസി കൂട്ടായ്മ ഭൂസമരസമതി സമരം തുടരുകയാണ്. തങ്ങളുടെ അവകാശങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളുമായി സമര നേതാവ് ബിന്ദു വൈലാശേരിയുടെ നേതൃത്വത്തില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ നിലമ്പൂര്‍ ടൗണില്‍ ഇവര്‍ കാത്തിരിക്കുകയായിരുന്നു.
മൂന്ന് മണിക്ക് വഴിക്കടവ് മുണ്ടയില്‍ നടക്കുന്ന നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി 2.30 തോടെ നിലമ്പൂര്‍ ടൗണിലൂടെ കടന്ന് പോകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന സമരക്കാര്‍ക്ക് മുന്നിലൂടെ 4.10 ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ കടന്ന് പോയെങ്കിലും മുഖ്യമന്ത്രി സമരക്കാരുടെ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. മലപ്പുറം ഡിവൈഎസ്പി, നിലമ്പൂര്‍ സി.ഐ., തണ്ടര്‍ബോള്‍ട്ട്, വനിതാ പോലീസ് ഉള്‍പ്പെടെ സമരക്കാര്‍ക്ക് മുന്നില്‍ നിന്ന് മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകാന്‍ സൗകര്യം ഒരുക്കി.