നിലന്പൂരിൽ കനത്ത മഴ തുടരുന്നു
1339724
Sunday, October 1, 2023 7:49 AM IST
നിലന്പൂർ: നിലന്പൂർ മേഖലയിൽ കനത്ത മഴ. കഐൻജി റോഡിൽ വെളിയംതോട് ഭാഗത്ത് വെള്ളം കയറി. വല്ലപ്പുഴ-ചാലിൽ-മുമ്മുള്ളി റോഡ് തോടായി മാറി.
മഴ തുടർന്നാൽ വെളിയംതോട് ഭാഗത്തു കൂടിയുള്ള ഗതാഗതത്തിന് തടസമാകും. നിലന്പൂർ കഐൻജി റോഡിനോട് ചേർന്ന തോടുകൾ നഗരസഭ വെള്ളം ഒഴുകി പോകുന്ന രീതിയിലാക്കിയിരുന്നെങ്കിലും മഴ ശക്തമായതോടെ തോട് നിറഞ്ഞു വെള്ളം കഐൻജി റോഡിലേക്ക് ഒഴുകുകയാണ്. താഴെ ചന്തക്കുന്ന് മുതൽ ജനതപ്പടി വരെ റോഡ് ഉയർത്തിയതിനാൽ ഒരു പരിധി വരെ റോഡിലേക്കു വെള്ളം കയറുന്നത് ഒഴിവാക്കാനായിട്ടുണ്ട്.
വല്ലപ്പുഴ-ചാലിൽ-മുമ്മുളളി റോഡിൽ മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ്. വെള്ളം ഒഴുകി പോകുന്നതിനു ഓവുചാൽ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ നടപ്പാക്കാത്തതാണ് ഈ ഭാഗത്തെ ജനങ്ങളെ വലക്കുന്നത്. മഴ ശക്തമായതോടെ റോഡ് തോടായി മാറിയിരിക്കുകയാണ്. ചാലിയാറിലും പോഷക നദികളിലും ജലവിതാനം ഉയരുകയാണ്.
മുക്കട്ട ഗവണ്മെന്റ് എൽപി സ്കൂളിന് സമീപമുള്ള നടുത്തൊടിക കദീജയുടെ വീടിന്റെ പിറകുവശത്തെ കരിങ്കൽ കൊണ്ടു പണിത മതിൽ തകർന്നു വീണു. ഇന്നലെ രാവിലെ പതിനൊന്നിനാണ് സംഭവം. കല്ലും മണ്ണും ഒന്നാകെ വീടിന്റെ പിറകുവശത്തെ കുളിമുറിയുടെ മുകളിലേക്കു വീണതിനാൽ വീടും അപകടാവസ്ഥയിലാണ്. മതിൽ നിലം പൊത്തുന്പോൾ കുളിമുറിയിൽ കുളിക്കുകയായിരുന്ന മുഹമ്മദ് ബഷീർ ശബ്ദംകേട്ടു ഓടി മാറിയതിനാലാണ് രക്ഷപ്പെട്ടത്.
മതിലിന്റെ പിൻഭാഗത്ത് താമസിക്കുന്ന പാലപ്പറ്റ റഹ്മത്തിന്റെ വീടിന്റെ മുറ്റം വരെ വിള്ളൽ വീണിട്ടുണ്ട്. ഇവിടെ വീണ്ടും മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഈ വീടും അപകടാവസ്ഥയിലാണ്. നിലന്പൂർ വില്ലേജ് ഓഫീസിലും നഗരസഭയിലുമെത്തി രണ്ടു കുടുംബങ്ങളും പരാതി നൽകിയിട്ടുണ്ട്.