പെരിന്തൽമണ്ണ നഗരസഭാ യോഗത്തിൽ വാക്കേറ്റവും ബഹളവും
1339371
Saturday, September 30, 2023 1:23 AM IST
പെരിന്തൽമണ്ണ: നഗരസഭ ഒന്‍പതാം വാർഡ് കൗണ്‍സിലർ കിഴക്കേതിൽ സക്കീനക്ക് വൈദ്യുതി ബോർഡ് 3.1 2 ലക്ഷം രൂപ പിഴ ഈടാക്കിയതിൽ കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലർമാർ കൊണ്ടുവന്ന പ്രമേയം കൗണ്‍സിൽ യോഗം ഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞു.
പ്രതിപക്ഷ നേതാവ് പച്ചീരി ഫാറുഖ് അവതാരകനായും എ. ശ്രീജിഷ അനുവാദകയുമായും കൊണ്ടുവന്ന പ്രമേയത്തെ ചൊല്ലി കൗണ്‍സിൽ യോഗത്തിൽ ഇന്നലെയും ഇരുമുന്നണികളിലെയും കൗണ്‍സിലർമാർ തമ്മിൽ വാക്കേറ്റവും ബഹളവുമുണ്ടായി.
കഴിഞ്ഞ ആഴ്ച ചേർന്ന കൗണ്‍സിൽ യോഗവും ഇതേ പ്രമേയത്തിന്റെ പേരിൽ ബഹളത്തിൽ മുങ്ങുകയും പച്ചീരി ഫാറൂഖിനെ കൗണ്‍സിൽ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. പിന്നീട് നഗരസഭ സെക്രട്ടറിക്ക് പ്രതിപക്ഷം നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും ഇതേ അജണ്ടകൾ ഇന്നലെ ചർച്ചക്കെടുത്തത്.
കൗണ്‍സിലർ സക്കീനയുടെ പേരിൽ ഒന്‍പതാം വാർഡിലുള്ള വീടിന് മീറ്റർ വഴിയല്ലാതെ അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിന് 3,12,732 രൂപയാണ് വൈദ്യുതി ബോർഡ് പിഴയിട്ടത്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ചത് തെറ്റായെന്ന് സമ്മതിച്ച് സക്കീന ബോർഡിന് നൽകിയ കുറ്റസമ്മത രേഖ വിവരാവകാശ പ്രകാരം സംഘടിപ്പിച്ചാണ് പ്രതിപക്ഷം രാജി പ്രമേയം കൊണ്ടുവന്നത്.
അതേസമയം പ്രമേയത്തിലെ സാങ്കേതിക പ്രയോഗം ചൂണ്ടിക്കാട്ടി പ്രമേയം നിലനിൽക്കില്ലെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ വാദിച്ചു. കൗണ്‍സിലർ രാജിവയ്ക്കാൻ ഇലക്ഷൻ കമ്മീഷനോട് മുനിസിപ്പൽ കൗണ്‍സിൽ ആവശ്യപ്പെടണമെന്നാണ് പച്ചീരി ഫാറൂഖ് പ്രമേയത്തിൽ ഉന്നയിച്ചത്. കൗണ്‍സിലറോട് രാജിവയ്ക്കാൻ പറയാൻ ഇലക്ഷൻ കമ്മീഷന് അധികാരമില്ലെന്നാണ് ഭരണപക്ഷവും വാദിച്ചത്.
ഒന്‍പതാം വാർഡിൽ കൗണ്‍സിലറുടെ പേരിലുള്ള വീട് മകൻ നിഹാലിന്റെ പേരിൽ 2002 ഡിസംബർ ഏഴിന് രജിസ്റ്റർ ചെയ്തു കൊടുത്തതായും 2023 മേയ് 27ന് മകൻ വീടിന്റെ നികുതി നഗരസഭയിൽ അടച്ചതായും ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി.
വീട് മകൻ നൽകിയെങ്കിലും വൈദ്യുതി കണക്ഷനിലെ പേര് കൗണ്‍സിലർ മാറ്റിയിരുന്നില്ല. ഇതിനിടെ 2023 ജൂലൈ നാലിന് വൈദ്യുതി ബോർഡ് വിജിലൻസ് പരിശോധിച്ച് 3.12 ലക്ഷം രൂപ പിഴയിട്ടത്. കൗണ്‍സിലർ പിറ്റേന്ന് പിഴ സംഖ്യ അടക്കുകയും ചെയ്തു.
വീട് മകന് കൊടുത്തതിനാൽ മകനാണ് വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാൻ ബാധ്യസ്ഥത എന്നായിരുന്നു ഭരണപക്ഷത്തുള്ള സിപിഎം കൗണ്‍സിലർമാരുടെ വാദം. അതിനിടെ പ്രമേയത്തിലെ വാചകത്തിൽ പിഴവ് സംഭവിച്ചതായി കോണ്‍ഗ്രസ് അംഗം സക്കിർ ഹുസൈനും സൂചിപ്പിച്ചു. പിന്നീടാണ് പ്രമേയം വോട്ടിനിട്ട് തള്ളിയത്.