കളിയും കാര്യവുമായി ഐവ പ്രഭാത സവാരി കൂട്ടായ്മ പത്താം വയസിലേക്ക്
1339155
Friday, September 29, 2023 1:30 AM IST
ബഷീര്‍ കല്ലായി
മഞ്ചേരി : പത്തു വര്‍ഷമായി തുടരുന്ന പ്രഭാത സവാരി കൂട്ടായ്മ കൗതുകമാകുമ്പോള്‍ കൂട്ടായ്മയുടെ സവിശേഷകള്‍ അതിലേറെ കൗതുകമാകുന്നു.
മഞ്ചേരിയിലെ ഐജിബിടി ബസ് സ്റ്റാന്റ് ഉദ്ഘാടനം കഴിഞ്ഞെങ്കിലും ബസുകള്‍ ഇവിടെ കയറിയിറങ്ങാന്‍ വലിയ താത്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ പ്രഭാത സവാരിക്കായി നിരവധി പേര് സ്റ്റാന്റ് ഉപയോഗിച്ചു. ഇത് സവിശേഷമായ ഒരു കൂട്ടായ്മ രൂപം കൊള്ളാനിടയാക്കി.
ഐവ (ആള് ഇന്ത്യ വാക്കേഴ്സ് അസോസിയേഷന്) എന്ന് സ്വയം അറിയപ്പെട്ട കൂട്ടായ്മ അംഗങ്ങളുടെ ശാരീരിക മാനസിക ഉല്ലാസത്തിന് മുന്‍തൂക്കം നല്കി പ്രവര്‍ത്തിച്ചു. സവാരിക്കാര്‍ പുലര്‍ച്ചെ ബസ് ടെര്‍മിനലില്‍ കസര്‍ത്തുകള്‍ തുടങ്ങുമെങ്കിലും ഐവയുടെ കൂട്ട് ഏഴു മണിക്കാണ് ആരംഭിക്കുന്നത്.
അംഗങ്ങള്‍ കണിശമായി പാലിച്ചു പോരുന്ന അലിഖിത നിയമാവലിയാണ് കൂട്ടായ്മയെ ഏറെ ശ്രദ്ധേയമാക്കുന്നത്. അസിസ്റ്റന്റ് രജിസ്ട്രാറായി വിരമിച്ച ആര്. മാധവന് നായര്‍ എന്ന 78കാരനാണ് ഐവയുടെ നെടുംതൂണ്.
അദ്ദേഹത്തിന്റെ സ്പെഷ്യല്‍ വ്യായാമ മുറകളോടെയാണ് ഓരോ ദിവസവും കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 20 മിനിറ്റിനകം 20 തരം വ്യായാമ മുറകള്‍ മാധവന് നായര്‍ ചെയ്തു കാണിക്കും. ഇത് എല്ലാ അംഗങ്ങളും പിന്തുടരണം. ചുരുങ്ങിയ സമയത്തിനകമുള്ള ലഘുവ്യായാമത്തിലൂടെ ശരീരത്തില്‍ 610 ചലനങ്ങള്‍ വരുത്തുന്നതാണ് ഇതിന്റെ പ്രത്യേകത. ശാരീരിക വ്യായാമം കഴിഞ്ഞാല്‍ മാനസിക വ്യായാമമാണ്.
ആദ്യം കഥയോ സംഭവ വിവരണമോ നല്കി ഒരു സന്ദേശം കൂട്ടുകാര്‍ക്ക് പകര്‍ന്നു നല്കുന്നു. ഇക്കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന് കെ.ജി. ജോര്‍ജ്ജിന് ആദരാഞ്ജലികളര്പ്പിച്ചായിരുന്നു തുടങ്ങിയത്.
അടുത്ത സെഷന് ഗാനാലാപനമാണ്. ആര്‍ക്കു വേണമെങ്കിലും പാടാം. തുടര്‍ന്ന് ഫലിതം. പാട്ടിനും തമാശക്കും കയ്യടിക്കണമെന്നത് നിര്‍ബന്ധമാണ്. അംഗങ്ങളെല്ലാം തന്നെ പ്രായപൂര്‍ത്തിയായവരും പുരുഷന്മാരുമാണെന്നതിനാല് ആദ്യ കാലങ്ങളില്‍ തമാശകളും സ്വല്പം "പ്രായപൂര്‍ത്തി'യായതായിരുന്നു. എന്നാല്‍ കാലക്രമേണ ഇതിനും മാറ്റം വന്നു.
നിര്‍ദ്ദോഷമായ തമാശകള്‍ക്കായി പ്രിയം. ജോക് സെഷന് കഴിഞ്ഞാല്‍ പൊതു വിജ്ഞാനം ആരംഭിക്കും. ഇതില്‍ അംഗങ്ങളിലൊരാള്‍ മറ്റുള്ളവര്‍ക്ക് പൊതുവിജ്ഞാനം പകരുന്ന രീതിയില്‍ രണ്ടു മിനിട്ട് സംസാരിക്കണം. വിഷയം ആകാശത്തിനു കീഴിലുള്ള എന്തുമാകാം.
തുടര്‍ന്ന് പൊതുവായ ചില കമന്റുകള്‍ ഉയരുന്നതിനിടയില്‍ മുതിര്‍ന്ന അംഗം സാങ്കല്‍പ്പികമായി ആകാശത്തേക്ക് വെടി പൊട്ടിക്കും. ഇതോടെ ഒരു ദിവസത്തെ കൂട്ടുകൂടല്‍ പൂര്‍ത്തായി അംഗങ്ങള്‍ പിരിഞ്ഞു പോകും.
കൂട്ടായ്മയില്‍ സാധാരണക്കാര്‍ മാത്രമല്ല പല പ്രമുഖരും ഉള്‍പ്പെടുന്നുവെന്നതാണ് മറ്റൊരു സവിശേഷത. സ്ഥലം എംഎല്‍എ അഡ്വ. യു.എ. ലത്തീഫ് ആണ് ഐവയുടെ ആജീവനാന്ത പ്രസിഡന്റ്.
കാലികറ്റ് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍ എഞ്ചിനീയര്‍ ഒ. അബ്ദുല്‍ അലി, ജനതാദള്‍ (എസ്) സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ് ചെയര്മാന് അഡ്വ. പി.എം. സഫറുള്ള, സൂപ്പര്‍നോവ മാനേജിംഗ് ഡയറക്ടര്‍ എ. മുഹമ്മദലി എന്ന ഇപ്പു, നഗരസഭാ വൈസ് ചെയര്മാന് വി.പി. ഫിറോസ്, റോട്ടറി ട്രൈനര്‍ ഭരത്ദാസ്, കൗതുക വാര്ത്താശേഖരണത്തിലൂടെ ശ്രദ്ധേയനായ ഇ സുലൈമാന്‍ മാസ്റ്റര്‍, വ്യാപാരിയായ അപ്സര സലീം, അഭിഭാഷകനായ എം. സമദ്, മൊയ്തീന്‍കുട്ടി, അസീസ് ചീരാന്തൊടി, അധ്യാപകന് പി. അബ്ദുല്‍ സലാം, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് ഷാജി എന്നിങ്ങനെ പ്രമുഖരുടെ നീണ്ട നിരതന്നെയുണ്ട്. കൂട്ടായ്മ ഇടക്ക് സംഘടിപ്പിക്കുന്ന ഉല്ലാസ യാത്രക്കുമുണ്ട് പ്രത്യേകത.
ഊട്ടിയാണ് ഐവയുടെ ആസ്ഥാന ഉല്ലാസ കേന്ദ്രം. ഇക്കഴിഞ്ഞ നാലിന് പോയ ഉല്ലാസ യാത്ര വയനാട്ടിലേക്ക് മാറ്റിപ്പിടിക്കാന്‍ ചിലര്‍ക്ക് അഭിപ്രായമുണ്ടായെങ്കിലും ഊട്ടിയെ കൈവിടാന്‍ കൂട്ടായ്മയിലെ മുതിര്‍ന്നവര്‍ തയ്യാറായില്ല.