മഞ്ചേരി മെഡിക്കൽ കോളജ് വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചു
1337440
Friday, September 22, 2023 2:46 AM IST
മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ കോടി രൂപ അനുവദിച്ച് സർക്കാർ. അവയവ നിർമാണ യൂണിറ്റ് യാഥാർഥ്യമാക്കുന്നതിനാണ് 50 ലക്ഷം രൂപ അനുവദിച്ചത്. ബറിയൽ ഗ്രൗണ്ട് നിർമാണത്തിനും ശുചിമുറികളുടെയും വാർഡുകളുടെയും അറ്റകുറ്റ പണികൾക്കും 25 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ മെഡിക്കൽ കോളജ് വികസനത്തിനായി സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. നേഴ്സിംഗ്് കോളജ് ആരംഭിച്ചതും എംആർഐ സ്കാനിംഗ് യന്ത്രത്തിന് ഏഴ് കോടി രൂപ അനുവദിച്ചതും ഈ കാലയളവിലാണ്. വിദ്യാർഥികളുടെ പഠനാവാശ്യാർഥമാണ് ബറിയൽ ഗ്രൗണ്ട് ഒരുക്കുന്നത്.
25 ലക്ഷം രൂപ ചെലവിട്ടാണ് ഗ്രൗണ്ട് ഒരുക്കുക. അനാട്ടമി വിഭാഗത്തിൽ പ്രായോഗിക പരിശീലനത്തിന് ഉപയോഗിക്കുന്ന മൃതദേഹങ്ങൾ കാലാവധി കഴിഞ്ഞതിന് ശേഷം ബറിയൽ ഗ്രൗണ്ടിൽ സംസ്ക്കരിക്കും.
മൂന്ന് വർഷത്തിനുശേഷം പൂർണ രൂപത്തിലുള്ള അസ്ഥികൂടങ്ങൾ പുറത്ത് എടുത്ത് തുടർ പഠനത്തിനായി ഉപയോഗിക്കാൻ പാകത്തിലാകും സജ്ജീകരണം. ലിംബ് ഫിറ്റിംഗ് സെന്ററിന് പുതുതായി കണ്ടെത്തിയ കെട്ടിടം സജ്ജമാക്കാൻ 50 ലക്ഷം രൂപയാണ് അനുവദിച്ചത്.
പുതിയ അക്കാദമിക് ബ്ലോക്കിന് സമീപമുള്ള പ്രീ ഫാബ് കെട്ടിടത്തിലാവും യൂണിറ്റ് ഒരുക്കുക. പ്രവർത്തനം തുടങ്ങുന്നതോടെ കുറഞ്ഞ ചെലവിൽ അവയവങ്ങൾ നിർമിച്ചുനൽകാൻ കഴിയും.
എ, ബി, സി ബ്ലോക്കുകളിലെ ശുചിമുറികളും അനുബന്ധ സംവിധാനങ്ങളും അറ്റകുറ്റപണി നടത്തുന്നതിനാണ് 25 ലക്ഷം രൂപ അനുവദിച്ചത്. കേടുപാടുകൾ സംഭവിച്ച വാതിലുകളും തകർന്ന ടൈലുകളും പുനസ്ഥാപിക്കും. കോളജ് മരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിലാവും പ്രവൃത്തി.