നഗരസഭ ചെയർമാന്റെ നടപടി കേട്ടു കേൾവി ഇല്ലാത്തത്; യുഡിഎഫ്
1336997
Wednesday, September 20, 2023 7:55 AM IST
പെരിന്തൽമണ്ണ: അഴിമതിക്കെതിരേ പ്രതിഷേധിച്ച നഗരസഭാ കൗണ്‍സിലർ പച്ചീരി ഫാറൂഖിനെ സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യ കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണെന്ന് യുഡിഎഫ് ആരോപിച്ചു.
മൂന്നു ലക്ഷത്തോളം രൂപ ഇലക്ട്രിസിറ്റി കൊള്ള നടത്തി ക്രിമിനൽ കുറ്റത്തിന് വിധേയയായ ഒന്‍പതാം വാർഡ് കൗണ്‍സിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ കൗണ്സിലർമാർക്കെതിരേയുള്ള ചെയർമാന്റെ ധിക്കാരപരമായ ചെയ്തികൾക്കും അഴിമതി നടത്തിയ കൗണ്‍സിലറെ സംരക്ഷിക്കുകയും ചെയ്യുന്നതിനെതിരേ യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിനു മുന്പിൽ പ്രതിഷേധ ധർണ നടത്തി. യുഡിഎഫ് ചെയർമാൻ എ.ആർ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ നാസർ ധർണ ഉദ്ഘാടനം ചെയ്തു.
കെപിസിസി സെക്രട്ടറി വി. ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് നാലകത്ത് ബഷീർ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അറഞ്ഞീക്കൽ ആനന്ദൻ, യുഡിഎഫ് കണ്‍വീനർ കെ.പി. ഫാറൂഖ്, സർവീസ് ബാങ്ക് പ്രസിഡന്റ് ചേരിയിൽ മമ്മിക്കുട്ടി, കൗണ്‍സിലർമാരായ പച്ചീരി ഫാറൂഖ്, പത്തത്ത് ജാഫർ, താമരത്ത് സലീം, കൃഷ്ണപ്രിയ, തസ്നീമ ഫിറോസ്, ശ്രീജിഷ, നിഷ സുബൈർ, സജ്ന ഷൈജൽ എന്നിവർ പ്രസംഗിച്ചു.