ചുങ്കത്തറ: എസ്എസ്എൽസി വിജയിച്ച വിദ്യാർഥികളുടെ വിടുതൽ സർട്ടിഫിക്കറ്റ് തടഞ്ഞു വെച്ച് സ്കൂൾ മാറാൻ അനുവദിക്കാതെ വിദ്യാർഥികളെ ദ്രോഹിക്കുന്ന പാലുണ്ട ഗുഡ് ഷെപ്പേർഡ് സ്കൂൾ മാനേജ്മെന്റുമായി ചുങ്കത്തറ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി ചർച്ച നടത്തി.
ഹയർ സെക്കൻഡറിയിൽ നിർബന്ധപൂർവം അഡ്മിഷൻ എടുപ്പിക്കുകയും അല്ലാത്ത പക്ഷം രണ്ട് വർഷത്തേക്കുള്ള ഭീമമായ ഫീസ് കെട്ടിയാൽ മാത്രമേ ടിസി നൽകൂ എന്ന മാനേജ്മെന്റിന്റെ വിദ്യാർഥി വിരുദ്ധ നയം എംഎസ്എഫ് ചോദ്യം ചെയ്തു. വിദ്യാർഥികളുടെ ഉപരിപഠനത്തിനെ ബാധിക്കുന്ന തരത്തിൽ ഈ വിഷയം ഇനിയും നീട്ടി കൊണ്ടുപോകാനാണ് മാനേജ്മെന്റ് നീക്കമെങ്കിൽ രക്ഷിതാക്കളുമായി ചേർന്ന് ശക്തമായ നിയമ പോരാട്ടങ്ങളുമായി എംഎസ്എഫ് മുന്നോട്ട് വരുമെന്ന് താക്കീത് നൽകി. സ്കൂൾ മാനേജരുമായുള്ള ചർച്ചക്ക് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി കെ.പി.റമീസ്, പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് ഷഹീൻ ഫൈസി, ജനറൽ സെക്രട്ടറി ഷംജാസ്, കബീർ ചുങ്കത്തറ, അർഷാദ്, അമീൻ, റിഷാദ് എന്നിവർ നേതൃത്വം നൽകി.