വീടുകളുടെ താക്കോൽ കൈമാറ്റവും ഗുണഭോക്തൃസംഗമവും
1301207
Friday, June 9, 2023 12:27 AM IST
കാളികാവ്: ഗുണഭോക്താക്കളുടെ സംഗമവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റവും തിരിച്ചറിയൽ രേഖ വിതരണവും കാളികാവിൽ നടന്നു. എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ തന്നെ അഭിമാനാർഹമായ നേട്ടമാണ് പിഎംഎവൈ പദ്ധതിയിൽ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് നേടിയത്.
ചിലവഴിക്കാതെ കിടന്ന ഒരു കോടിയിലേറെ രൂപ ഉൾപ്പെടെ പിഎംഎവൈ പദ്ധതിയിലേക്ക് മാറ്റിവെച്ച് ഗുണഭോക്താക്കൾക്ക് ഫണ്ട് നൽകാൻ സാധിച്ചതാണ് കാളികാവ് ബ്ലോക്ക് പഞ്ചായത്തിന് ജില്ലക്ക് തന്നെ അഭിമാനമായ നേട്ടം കൈവരിക്കാനായത്. 170 ഗുണഭോക്താക്കളാണ്
പിഎംഎവൈ പദ്ധതിയിൽ ഉള്ളത്. ഇതിൽ 148 വീടുകളുടെ പണി പൂർത്തിയായി. 22 വീടുകൾ നിർമാണ ഘട്ടത്തിലാണ്. കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പ്രകാരം വിഇഒമാർ വീടില്ലാത്തവരിൽനിന്ന് ജിയോ ടാഗ് ചെയ്താണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. പ്രധാനമന്ത്രി ആവാസ് യോജന പ്ലസ് പദ്ധതി പ്രകാരം 72,000 രൂപ കേന്ദ്രവിഹിതവും, 48,000 രൂപ സംസ്ഥാന വിഹിതവും, 70,000 രൂപ ഗ്രാമപഞ്ചായത്ത് വിഹിതവും 98,000 ജില്ലാ പഞ്ചായത്ത് വിഹിതവും ഒരു ലക്ഷം 120,0,00 രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ഉൾപ്പെടെ നാല് ലക്ഷം രൂപയാണ് പിഎംഎവൈ പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് വീട് നിർമിക്കുന്നതിന് നൽകുന്നത്. പട്ടികജാതി പട്ടിക വർഗങ്ങൾക്കായി കേന്ദ്രസർക്കാർവിഹിതം 72,000 രൂപയും 45,000 രൂപ ഗ്രാമപഞ്ചായത്തും 63,000 ജില്ലാ പഞ്ചായത്തും, 72,000 ബ്ലോക്ക് പഞ്ചായത്തും പട്ടികജാതി പട്ടികവർഗ വികസനവകുപ്പിൽ നിന്ന് ഒരു ലക്ഷം രൂപയും, ഇതിനുപുറമേ സംസ്ഥാന വിഹിതം 48,000 രൂപയും ഉൾപ്പെടെ നാല് ലക്ഷം രൂപയാണ് പദ്ധതിക്കായി ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത്.
പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ഭാവിയിൽ ഉപകാരപ്രദമാകുന്നതരത്തിൽ പ്രത്യേകതിരിച്ചറിയൽ രേഖയും ബ്ലോക്ക് പഞ്ചായത്ത് കൈമാറി. ഏറ്റവും കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തുകയും എല്ലാവരുടെയും വീട് പണി പൂർത്തീകരിക്കുകയും ചെയ്ത കാളികാവ് ഗ്രാമപഞ്ചായത്തിലെ വിഇഒമാരായ പി.നൗഫൽ, എം. ഷബീബ് എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് ആദരിക്കുകയും ചെയ്തു. സംഗമത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി വർഗീസ്, ബിഡിഒ സി.വി. ശ്രീകുമാർ, ഹൗസിംഗ് ഓഫീസർ ജി.അരുണ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.