വയോധികയുടെ മാല കവർന്ന സംഭവം: മുഖ്യപ്രതിയും പിടിയിലായി
1300656
Wednesday, June 7, 2023 12:02 AM IST
മഞ്ചേരി: മോങ്ങം സ്വദേശിയായ വയോധികയുടെ മാല കവർച്ച ചെയ്ത സംഭവത്തിലെ പ്രധാന പ്രതി പിടിയിലായി. അരീക്കോട് സൗത്ത് പുത്തലം സ്വദേശി വെള്ളേരി ഒറ്റപാറക്കൽ വീട്ടിൽ അബ്ദുൾ റഷീദ് (38) ആണ് പിടിയിലായത്.
മോങ്ങം സ്വദേശിയായ വയോധിക കഴുത്തിലണിഞ്ഞ രണ്ടു പവനോളം വരുന്ന മാലയാണ് കവർന്നത്. രണ്ടു ദിവസം മുന്പു ഇയാളുടെ കൂട്ടുപ്രതിയായ അരീക്കോട് സ്വദേശി അറക്കലകത്ത് അനീസി(37)നെ പോലീസ് പിടികൂടിയിരുന്നു.
ഇക്കഴിഞ്ഞ മേയ് 21ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ വയോധികയുടെ വീട്ടിലെത്തി ജനലിൽ മുട്ടിവിളിക്കുകയായിരുന്നു. വയോധിക ജനൽ തുറന്നതോടെ അഴികൾക്കിടയിലൂടെ കൈയിട്ടു മാല പൊട്ടിച്ചെടുത്ത് പ്രതികൾ രക്ഷപ്പെട്ടു.
വയോധികയുടെ പരാതിയെ തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കവർച്ച ചെയ്ത മുതൽ കണ്ടെത്തുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കും പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നു പോലീസ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങൾ വഴിയും അല്ലാതെയും സ്ത്രീകളെ പരിചയപ്പെടുകയും തുടർന്ന് ചതിയിലൂടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ ശേഷം മുങ്ങുകയും ചെയ്യുന്നതാണ് പിടിയിലായ അബ്ദുൾ റഷീദിന്റെ രീതി.
ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി എസ്ഐ ഫദൽ റഹ്മാനും പ്രത്യേക അന്വേഷണ ടീമംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.