ജില്ലയെ പച്ചപുതപ്പിക്കാൻ അരലക്ഷം തൈകളുമായി വനംവകുപ്പ്
1299579
Friday, June 2, 2023 11:52 PM IST
നിലന്പൂർ: പുതിയ അധ്യയന വർഷത്തിൽ വനംവകുപ്പ് ഹരിത കേരളം പദ്ധതിയിലൂടെ അരലക്ഷം തൈകൾ വിതരണം ചെയ്യും. ഫ്ളവർ, ഫ്രൂട്ട്, മെഡിസിൻ, വുഡ് എന്നിങ്ങനെ തരം തിരിച്ചുള്ള തൈകളാണ് ഇത്തവണ വിതരണത്തിനു പാകപ്പെടുത്തിയിട്ടുള്ളത്. ജില്ലാ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ കീഴിലുള്ള നിലന്പൂർ വള്ളുവശേരി സെൻട്രൽ നഴ്സറിയിൽ വിതരണത്തിനായി തൈകൾ ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് കൂടുകൾ ഒഴിവാക്കി ചകിരിനാരു കൊണ്ടുള്ള കൂടൊരുക്കിയാണ് ഇത്തവണ തൈകളുടെ വിതരണം എന്ന പ്രത്യേകതയുമുണ്ട്. കണിക്കൊന്ന, ഇലഞ്ഞി, മണിമരുത്, സീതപ്പഴം, നെല്ലി, പേര, താന്നി, നീർമരുത്, ഉങ്ങ്, ദണ്ഡപാല, കൂവളം, രക്തചന്ദനം, ഉണ്ണിവാക, മുള, കുഞ്ഞിവാക എന്നിവയുടെ തൈകളാണ് വിതരണത്തിനുള്ളത്. വിദ്യാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ, ക്ലബുകൾ, എൻജിഒകൾ, രാഷ്ട്രീയ പാർട്ടി സംഘടനകൾ, വായനശാലകൾ എന്നിവക്കും തൈകൾ സൗജന്യമായി നൽകും. വനഭൂമിയിൽ വച്ചുപിടിപ്പിക്കാനായി ഒരു വർഷം പ്രായമായ 10,000 തൈകൾ വേറെയുമുണ്ട്. കെട്ടിട നിർമാണത്തിനോ മറ്റു നിർമാണ പ്രവൃത്തികൾക്കോ വേണ്ടി മുറിച്ചു മാറ്റില്ലെന്ന് ഉറപ്പുള്ള പൊതുസ്ഥലങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ വച്ചുപിടിപ്പിക്കാനും ഒരു വർഷം പ്രായമുള്ള തൈകൾ ഉപാധികളോടെ സൗജന്യമായി നൽകും. പരിസ്ഥിതിദിനമായ ജൂണ് അഞ്ചിന് തൈകൾ വിതരണം തുടങ്ങും. വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴുവരെ വിതരണം തുടരും.
വൃക്ഷവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ പഞ്ചായത്തുകൾ തോറും വനം വകുപ്പിന്റെ സഹകരണത്തോടെ നഴ്സറികൾ ഉണ്ടാക്കിയിരുന്നു. ഇതിനുള്ള വിത്തും പരിശീലനവും വനംവകുപ്പ് നൽകിയിരുന്നു. മലപ്പുറം ജില്ലയിലെ മിക്ക പഞ്ചായത്തുകളും നഴ്സറികൾ സ്ഥാപിച്ചിരുന്നെങ്കിലും ഇത്തവണ വളരെ കുറവാണ്. അരീക്കോട് ബ്ലോക്കിലെ പുൽപ്പറ്റ പഞ്ചായത്തിൽ മാത്രമാണ് ഇത്തവണ പഞ്ചായത്തുതല നഴ്സറി ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ഈ വർഷം 20.91 ലക്ഷം തൈകളാണ് വിതരണത്തിനായി തയാറാക്കിയിട്ടുള്ളത്.