ഗ്രീൻഫീൽഡ് ദേശീയപാത: ഉടമകൾ ഓഗസ്റ്റ് 30നകം ഭൂമി ഒഴിയണം
1299570
Friday, June 2, 2023 11:52 PM IST
മഞ്ചേരി: കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായി മലപ്പുറം ജില്ലയിൽ ഏറ്റെടുക്കുന്ന കൈവശങ്ങളുടെ ഉടമകൾ ഓഗസ്റ്റ് 30നകം ഭൂമി വിട്ടൊഴിയേണ്ടി വരും. വിലനിർണയത്തിന്റെ ഭാഗമായുള്ള കെട്ടിട പരിശോധനയും ഭൂമിയുടെ വിലനിർണയവും അന്തിമഘട്ടത്തിലാണ്. ഈ മാസം നഷ്ടപരിഹാര നിർണയം പൂർത്തിയാകും. 29നകം ഓരോ കൈവശങ്ങളുടെയും നഷ്ടപരിഹാര നിർണയ ഉത്തരവ് കൈമാറും. പിന്നീട് രണ്ട് മാസമാണ് ഭൂമിയും വീടും വിട്ടൊഴിയാൻ സമയം നൽകുക. ഒഴിഞ്ഞു പോകാനുള്ള ഉത്തരവ് കൃത്യസമയത്ത് നൽകിയാൽ ഓഗസ്റ്റ് 30 വരെ മാത്രമാകും ഉടകൾക്ക് അവരുടെ ഭൂമിയിൽ തങ്ങാനാകുക.
4012 കൈവശങ്ങളാണ് ഗ്രീൻഫീൽഡ് പാതയ്ക്കായി ഏറ്റെടുക്കുന്നത്. ഇതിന്റെ ഉടമകൾക്കെല്ലാം വെവ്വേറെ ഉത്തരവുകൾ നൽകും.
ഇവർ ഒഴിഞ്ഞ് രണ്ടു ദിവസത്തിനകം നഷ്ടപരിഹാരം നൽകുമെന്ന് ദേശീയപാത അഥോറിറ്റി അധികൃതർ പറഞ്ഞു. ഭൂമി, കെട്ടിടം, മരങ്ങൾ, കാർഷികവിളകൾ തുടങ്ങിയവയുടെ കണക്കും നഷ്ടപരിഹാരം സംബന്ധിച്ച വിശദ വിവരങ്ങളും വില നിർണയ ഉത്തരവിലൂടെ ഉടമകളെ ബോധ്യപ്പെടുത്തും.