പെരിന്തൽമണ്ണയിൽ വാഹനമോഷ്ടാക്കൾ പിടിയിൽ
1299569
Friday, June 2, 2023 11:52 PM IST
പെരിന്തൽമണ്ണ: അന്തർസംസ്ഥാന വാഹന മോഷ്ടാക്കളായ രണ്ടു പേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. തമിഴ്നാട് തിരുപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാഹന മോഷ്ടാക്കളായ ശിവകുമാർ (43), ദിനേഷ് (23) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞമാസം പെരിന്തൽമണ്ണ കെഎസ്ആർടിസി, മൂസക്കുട്ടി ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ നിന്നു രണ്ടു ഇരുചക്ര വാഹനങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പിടിയിലായ ശിവകുമാറിനെതിരേ എറണാകുളം, തൃശൂർ ജില്ലകളിൽ ആറു മോഷണ കേസുകളുണ്ട്. മൂന്നു മാസം മുന്പാണ് ഇയാൾ ജയിൽ മോചിതനായത്.
തമിഴ്നാട്ടിൽ നിന്നു കേരളത്തിലെത്തി മോഷ്ടിക്കുന്ന വാഹനങ്ങൾ തിരുപ്പൂരിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് വ്യാജനന്പറുകൾ സംഘടിപ്പിച്ചു വിൽക്കുകയാണ് പതിവ്.
ചോദ്യം ചെയ്യലിനിടെ മണ്ണാർക്കാട്, ഷൊർണൂർ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ പ്രേംജിത്ത്, എസ്ഐ ഷിജോ സി. തങ്കച്ചൻ, സിപിഒ സജീർ മുതുകുർശി, സൽമാൻ പള്ളിയാൽതൊടി, ജയൻ അങ്ങാടിപ്പുറം, നിഖിൽ തുവൂർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.