ഡെങ്കിപ്പനി: പരിശോധനയുമായി മെഡിക്കൽ സംഘം
1299118
Thursday, June 1, 2023 12:42 AM IST
കാളികാവ്: ഡെങ്കിപ്പനി പടർന്നു പിടിച്ച കാളികാവ്- അടക്കാക്കുണ്ട് മലയോര മേഖലയിൽ ജില്ലാ മെഡിക്കൽ സംഘം പരിശോധന നടത്തി. ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിൽ നിന്നുള്ള എഴംഗ സംഘമാണ് കാളികാവിലെത്തിയത്.
കൊതുകു ജന്യരോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ വിഭാഗത്തിലെ അംഗങ്ങളാണ് അടക്കാക്കുണ്ട് മേഖലയിലെത്തിയത്. എട്ടു പേർക്കു പ്രദേശത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കാളികാവ് സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോക്ടർ പി.യു മുഹമ്മദ് നജീബിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ആരോഗ്യവകുപ്പ് അധികൃതർ സന്ദർശനം നടത്തുകയും ബോധവത്കരണം സംഘടിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്.
ഡെങ്കിപ്പനി ബാധിച്ച വീടുകൾ, കോളനികൾ എന്നിവ സംഘം സന്ദർശിച്ചു.
മെഡിക്കൽ ഓഫീസർ പി.യു മുഹമ്മദ് നജീബ്, ഹെൽത്ത് ഇൻസ്പെക്ടർ എം. മനോജ്, ജഐച്ച്ഐ ആർഡി പ്രിയമോൾ, മെഡിക്കൽ സംഘത്തിലെ കെ. പ്രസാദ്, ഐ.സി നാരായണൻ, കെ. രാഗിണി, കെ. ശീബ, എം.സി യേശുദാസ്, തുടങ്ങിയവർ നേതൃത്വം നൽകി.