മൃഗചികിത്സയ്ക്ക് സ്കാനിംഗും ഇനി വീട്ടുപടിക്കൽ
1299117
Thursday, June 1, 2023 12:42 AM IST
മലപ്പുറം: മൃഗാരോഗചികിത്സാ മേഖലയിൽ സ്കാനിംഗ് സൗകര്യം ഇനി ജില്ലയിലെ ക്ഷീരകർഷകരുടെ വീട്ടുപടിക്കലും ലഭ്യമാകുമെന്ന് മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ആശുപത്രി നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകർ അവരുടെ മൃഗങ്ങളെ സ്കാനിംഗിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പുതിയതായി അനുവദിച്ച പോർട്ടബിൾ സ്കാനിംഗ് മെഷീൻ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകരുടെ ബുദ്ധിമുട്ടിന് വളരെയധികം പരിഹാരമാകുമെന്നും അവർ പറഞ്ഞു.
ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൾ അസീസ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗണ്‍സിലർ കെ.പി.എ. ഷരീഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഹാറൂണ്‍ അബ്ദുൾ റഷീദ്, ഡോ. കെ. ഷാജി, ഡോ. പി.എം. ഹരിനാരായണൻ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ കെ.സി സുരേഷ് ബാബു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ജോയ് ജോർജ്, ഫീൽഡ് ഓഫീസർ ഒ. ഹസൻകുട്ടി എന്നിവർ പ്രസംഗിച്ചു.