രാമപുരത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടം ഉയരുന്നു
1298877
Wednesday, May 31, 2023 5:16 AM IST
രാമപുരം: മൂന്നു പതിറ്റാണ്ടിലധികമായി അവഗണനയുടെ ചുവപ്പുനാടയിൽ കുടുങ്ങിയ രാമപുരത്തെ ആദ്യ പ്രാഥമിക ആരോഗ്യ ഉപകേന്ദ്രത്തിനു പുതിയ കെട്ടിടമുയരുന്നു.
വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കെട്ടിടമാണ് എംഎൽഎ ഫണ്ട് ചെലവിട്ട് പുനർനിർമിക്കുന്നത്. രാമപുരം സ്കൂൾപടി വടക്കാങ്ങര റോഡിലെ കല്ലറംകുന്ന് കോളനിക്ക് സമീപത്ത് പരേതനായ പിലാപ്പറന്പിൽ അലവിക്കുട്ടിഹാജി സർക്കാരിന് സൗജന്യമായി വിട്ടു നൽകിയ പതിനഞ്ച് സെന്റ് സ്ഥലത്താണ് ഇടിഞ്ഞുവീഴാറായി ചോർന്നൊലിക്കുന്ന കെട്ടിടമുണ്ടായിരുന്നത്.
ആദ്യകാലങ്ങളിൽ സ്ഥിരമായി നഴ്സുമാരും മറ്റു ജീവനക്കാരുമുണ്ടായിരുന്നു. പ്രാഥമികചികിത്സയും പ്രതിരോധകുത്തിവയ്പുകളും ഗർഭിണികൾക്കുള്ള സേവനങ്ങളും പരിചരണങ്ങളും കാലങ്ങളോളം ലഭിച്ചിരുന്നു. ജീർണാവസ്ഥയിലായ കെട്ടിടത്തിൽ പിന്നീട് സേവനങ്ങളെല്ലാം നിലച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥകാരണം ശോച്യാവസ്ഥ നേരിടുകയായിരുന്നു കെട്ടിടം.അധികാരികളുടെ അവഗണനക്കെതിരേ രണ്ടു വർഷം മുന്പ് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. തുടർന്നാണ് നടപടിയായത്. രാമപുരം സബ്സെന്ററിന് പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം മഞ്ഞളാംകുഴി അലി എംഎൽഎ നിർവഹിച്ചു.