കരുവാരക്കുണ്ടിൽ ഡെങ്കിപ്പനി നിയന്ത്രണ വിധേയമായില്ല
1296889
Wednesday, May 24, 2023 12:16 AM IST
കരുവാരക്കുണ്ട്:കരുവാരക്കുണ്ടിൽ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാകാതെ വ്യാപിക്കുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്പതു പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഡെങ്കിയുടെ വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്തിതിട്ടുള്ളത് കരുവാരക്കുണ്ടിലാണ്.
ഒരാഴ്ച മുന്പ് അഞ്ച് പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ജില്ല മെഡിക്കൽ ഓഫീസറുടെ കീഴിൽ തീവ്രസർവേയും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കിയെങ്കിലും രോഗ വ്യാപന തോത് കുറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.വെയിലും മഴയും ഇടകലർന്നുള്ള കാലാവസ്ഥ രോഗവ്യാപന സാധ്യത കൂടുന്നതാണ്.
തുരുന്പോട, കണ്ണത്ത്, പുന്നക്കാട് വാർഡുകളിൽ രണ്ടു പേർക്ക് വീതവും വാക്കോട്, അരിമണൽ, കൽക്കുണ്ട് വാർഡുകളിൽ ഓരോരുത്തർക്കുമാണ് നിലവിൽ ഡെങ്കിപ്പനിയുള്ളത്. ഉൾഗ്രാമപ്രദേശങ്ങളിലാണ് വ്യാപനം ഉണ്ടായിട്ടുള്ളത്. മലവാരത്തോടു ചേർന്നുള്ള ഗ്രാമപ്രദേശങ്ങളിൽ കൊതുകുകളുടെ ഉറവിടം കൂടാൻ സാധ്യതയുണ്ട്. മഴയ്ക്ക് ശേഷമുള്ള വെയിലിൽ കൊതുകുകൾ പെരുകുന്നത് രോഗവ്യാപന തോത് ഇനിയും കൂട്ടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഡെങ്കി വ്യാപന മുന്നറിയിപ്പ് ജനങ്ങൾ ഗൗനിക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ജനകീയ പങ്കാളിത്തത്തോടെ മഴക്കാല പൂർവശുചീകരണം വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.
ജില്ല സർവേ സംഘം കഴിഞ്ഞദിവസം കരുവാരക്കുണ്ടിൽ പരിശോധന നടത്തി. ജനങ്ങൾ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ അലക്ഷ്യമായി വലിച്ചെറിയുന്നത് സംഘം കണ്ടെത്തി. മലയോര കൃഷിയിടങ്ങളിലും കൊതുകിന്റെ ലാർവകൾ പെരുകാനുളള സാഹചര്യമാണ് നിലവിലുള്ളത്. കമുകിൻ പാളകൾ, റബർ ചിരട്ടകൾ, കൊക്കോ തൊണ്ട് എന്നിവയിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിലാണ് കൊതുകിന്റെ ലാർവകൾ പെരുകുന്നത്. ഡോക്ടർ സുബിൻ, ടെക്നിക്കൽ അസിസ്റ്റന്റ് അഷ്റഫ്, എപ്പിഡമിയോളജിസ്റ്റ് കിരണ്ദാസ്, ജെഎച്ച്ഐഎംഎം ജസീർ, ലിജി ജോർജ്, സൗമിനി, ആശാവർക്കർമാർ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.