ബംഗാളി പെണ്‍കുട്ടി കൊലചെയ്യപ്പെട്ട കേസ്: വിധി ഇന്ന്
1296885
Wednesday, May 24, 2023 12:16 AM IST
മഞ്ചേരി : ബംഗാൾ സ്വദേശിനിയായ പതിനാറുകാരിയെ കുത്തി കൊലപ്പെടുത്തിയെന്ന കേസിൽ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ഇന്നു വിധി പറയും.
പശ്ചിമ ബംഗാൾ ബർധമാൻ ഖൽന ഗുഗുഡൻഗ സാദത്ത് ഹുസൈൻ (29) ആണ് പ്രതി. കൊല്ലപ്പെട്ട സമീന ഖാത്തൂൻ(16)ന്റെ പിതാവിന്റെ കീഴിൽ ജോലി ചെയ്തു വരികയായിരുന്നു പ്രതി. ജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള 12000 രൂപ ചോദിച്ചിരുന്നു. ഇതു ലഭിക്കാത്തതിലുള്ള വിരോധം മൂലം പെണ്‍കുട്ടിയെ കത്തികൊണ്ടു പലതവണ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
2018 സെപ്തംബർ 28നാണ് കേസിനാസ്പദമായ സംഭവം. ജോലി സ്ഥലത്തു നിന്നു രാവിലെ ഒന്‍പതുമണിയോടെ പെണ്‍കുട്ടി താമസിക്കുന്ന തിരൂർ തൃക്കണ്ടിയൂർ വിഷുപ്പാടത്തെ വാടകവീട്ടിലെത്തിയ പ്രതി കിട്ടാനുള്ള പണം സംബന്ധിച്ച് ഏറെ നേരെ സംസാരിക്കുകയും വാക്കു തർക്കമുണ്ടാകുകയും 12.30 മണിയോടെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ വീടിന്റെ കോണിക്കൂടിനു താഴെ ടയർ കൊട്ടകൾക്കിടയിൽ ഒളിപ്പിച്ചു തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കേസുണ്ട്. പെണ്‍കുട്ടിയുടെ നെഞ്ചിലും വയറ്റിലും കാലിലുമായി എട്ടു കുത്തുകൾ ഏറ്റിരുന്നു. ഓടികൂടിയ നാട്ടുകാർ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 2018 സെപ്തംബർ 28ന് തിരൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തിരൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന ടി.പി ഫർഷാദാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.