രാഹുൽ ഗാന്ധിയുടെ ശക്തി തിരിച്ചറിഞ്ഞത് ആർഎസ്എസെന്ന് കെ.സി. വേണുഗോപാൽ
1283018
Saturday, April 1, 2023 12:16 AM IST
നിലന്പൂർ: രാഹുൽ ഗാന്ധിയുടെ യഥാർത്ഥ ശക്തി തിരിച്ചറിഞ്ഞത് ആർഎസ്എസും സംഘ പരിവാറുമാണെന്ന് എഐസിസി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഭരണകൂട ഭീകരതക്കെതിരെ വയനാട് പാർലമെന്റ് മണ്ഡലം മലപ്പുറം മേഖലാതല പ്രതിഷേധ സംഗമം നിലന്പൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയെ മോശക്കാരനാക്കി രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ഗൂഡ നീക്കമാണ് മോദി സർക്കാർ നടത്തുന്നത്. രാഹുൽ ഗാന്ധിയെ പേടിപ്പിക്കാം എന്ന് മോദി കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ല. മോദിക്ക് ഉത്തരം മുട്ടിയപ്പോൾ രാഹുൽ ഗാന്ധിയുടെ ചോദ്യം ഉയരാതിരിക്കാനാണ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കിയതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
മോദി സർക്കാരിന് വെല്ലുവിളി ഉയർത്താൻ രാഹുൽ ഗാന്ധിക്ക് മാത്രമേ കഴിയുവെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതായി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി അധ്യക്ഷത വഹിച്ചു. മിനർവ പടിയിൽ നിന്ന് ചന്തക്കുന്നിലേക്ക് നടന്ന നെറ്റ് മാർച്ചിൽ ആയിരങ്ങൾ പന്തം കൊളുത്തി അണിനിരന്നു.