പ്രണയം നടിച്ചു പീഡനം : യുവാവ് റിമാൻഡിൽ
1282285
Wednesday, March 29, 2023 11:45 PM IST
മഞ്ചേരി : പ്രണയം നടിച്ച് പതിനേഴുകാരിയെ ചെരണി ഉദ്യാൻ പാർക്കിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്ന കേസിൽ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി റിമാൻഡ് ചെയ്തു.
അരീക്കോട് വിളയിൽ ചെറിയപറന്പ് കരിന്പനക്കൽ മൂത്തേടത്ത് മുഹമ്മദ് റബീഹി(23)നെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മഞ്ചേരി സ്പെഷൽ സബ്ജയിലിലേക്കയച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്കുട്ടിയെ പ്രതി പ്രണയം നടിച്ച് വശത്താക്കിയാണ് പീഡിപ്പിച്ചത്. 2023 മാർച്ച് 18ന് പെണ്കുട്ടി പഠിക്കുന്ന സ്കൂളിൽ നിന്നു സ്കൂട്ടറിൽ മഞ്ചേരി ചെരണി ഉദ്യാൻ പാർക്കിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പാർക്കിലെ ബാത്ത്റൂമിൽ വച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. 2023 ഫെബ്രുവരി 19ന് പെണ്കുട്ടിയെ മഞ്ചേരി തുറക്കൽ കച്ചേരിപ്പടി ബൈപ്പാസിലെ ഹോട്ടലിൽ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതായും പരാതിയുണ്ട്. പെണ്കുട്ടി പരാതി നൽകിയതിനെ തുടർന്ന് ഇക്കഴിഞ്ഞ 24നാണ് പ്രതി അറസ്റ്റിലാകുന്നത്. അരീക്കോട് പോലീസ് ഇൻസ്പെക്ടർ എ. അബ്ബാസലിയാണ് കേസന്വേഷിക്കുന്നത്.