ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ച ഫൈസൽ കുപ്പായിയുടെ മൃതദേഹം ഇന്നു കബറടക്കും
1281428
Monday, March 27, 2023 12:24 AM IST
നിലന്പൂർ: ഖത്തറിലെ മൻസൂറയിൽ നാലുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരിൽ നിലന്പൂർ സ്വദേശിയായ ഗായകനും ചിത്രകാരനുമായ ഫൈസൽ കുപ്പായിയുടെ മൃതദേഹം ഇന്നു പുലർച്ചെ നാട്ടിലെത്തിക്കും.
മൃതദേഹത്തിന് അഞ്ചു ദിവസത്തിലധികം പഴക്കമുള്ളതിനാൽ അധിക സമയം വൈകിപ്പിക്കാതെ കബറടക്കം നടത്തുവാനുള്ള ക്രമീകരണങ്ങളാണ് ബന്ധുക്കളും സുഹൃത്തുക്കളും നടത്തുന്നത്. മൃതദേഹം ഇന്നു പുലർച്ചെ 2.30ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു നിലന്പൂർ ചന്തക്കുന്ന് ചാരംകുളത്തെ വീട്ടിലെത്തിക്കും. വീട്ടിൽ പൊതുദർശനം ഉണ്ടാകില്ല. ജനാസ നിസ്കാരവും കബറടക്കവും മുക്കട്ട വലിയ ജുമാമസ്ജിദിൽ നടക്കും.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഫൈസൽ താമസിച്ചിരുന്ന മൻസൂറയിലെ നാലു നില കെട്ടിടം തകർന്നു വീണത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയോടെ ഫൈസലിന്റെ മൃതദേഹം കണ്ടെത്തി. ബന്ധുക്കൾ ഹമദ് ജനറൽ ആശുപത്രി മോർച്ചറിയിലെത്തി ഫൈസലിന്റെ മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. ഫൈസലിനു പുറമെ പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണൂറയിൽ (44) അപകടത്തിൽ മരിച്ചിരുന്നു.