ജലമില്ലാതെ ജലവിനോദ കേന്ദ്രം
1280707
Saturday, March 25, 2023 12:35 AM IST
നിലന്പൂർ: ഒഴുകാൻ ജലമില്ലാതെ ജില്ലയിലെ പ്രധാന ജല വിനോദ കേന്ദ്രം. കാഞ്ഞിരപ്പുഴയിൽ വെള്ളം വറ്റിയതോടെ വിനോദ സഞ്ചാരികൾ നിരാശയിലായി. ആഢ്യൻപാറ ജല വിനോദ കേന്ദ്രമാണ് വെള്ളമില്ലാതെ വറ്റിവരണ്ടു കിടക്കുന്നത്. ടൂറിസം വകുപ്പിന്റെ ജില്ലയിലെ പ്രധാന ജല വിനോദ കേന്ദ്രമാണ് ആഢ്യൻപാറ ജല വിനോദ കേന്ദ്രം. കടുത്ത വേനലിന് പുറമെ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉത്പാദനത്തിനായി കാഞ്ഞിരപ്പുഴയുടെ മായിംപള്ളിയിൽ ജലം തടഞ്ഞ് നിറുത്തിയിരിക്കുന്നതാണ് ജലമില്ലാത്ത അവസ്ഥ വന്നത്. ഞായറാഴ്ച്ച മാത്രമാണ് ഇവിടെ നിന്നു വെള്ളം തുറന്നു വിടുന്നത്. ജല വിനോദ കേന്ദ്രം കാണാൻ കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്ന വിനോദ സഞ്ചാരികൾ ടിക്കറ്റുമെടുത്ത് ആഢ്യൻപാറ ജല വിനോദ കേന്ദ്രത്തിലെത്തിയാൽ അവരെ കാത്തിരിക്കുന്നത് ചുട്ടുപൊള്ളുന്ന പാറക്കെട്ടുകളും വറ്റിവരണ്ടു കിടക്കുന്ന കാഞ്ഞിരപ്പുഴയുമാണ്. ആഢ്യൻപാറ ജല വിനോദ കേന്ദ്രം കാണാനെത്തിയ ഒറ്റപ്പാലത്തെ അധ്യാപികക്ക് ഇവിടെയെത്തിയപ്പോൾ നിരാശയാണുണ്ടായതെന്ന് അവർ പറഞ്ഞു.