വാട്സ് ആപ്പ് കൂട്ടായ്മ നിർമിച്ച കിണർ കുടുംബങ്ങൾക്ക് സമർപ്പിച്ചു
1279179
Sunday, March 19, 2023 11:30 PM IST
കരുവാരകുണ്ട്: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിലെ ആലിക്കോട് കൊന്പൻക്കുന്നിൽ ഐഎൻസി ഫൈറ്റേഴ്സ് മലപ്പുറം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമിച്ച കിണർ കുടുംബങ്ങൾക്ക് സമർപ്പിച്ചു. എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. 50 ഓളം കുടുംബങ്ങൾ വേനലായാൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയായിരുന്നു.
കഴിഞ്ഞ വർഷം ഇതിന് പരിഹാരമെന്നോണം രാഹുൽ ഗാന്ധി റസ്ക്യൂ ഫോഴ്സ് കല്ലംപുഴയിൽ ഒരു താൽക്കാലിക കിണർ നിർമിച്ച് നൽകിയിരുന്നങ്കിലും പുഴ മുറിച്ചുകടന്ന് വേണം വെള്ളം കൊണ്ടുവരാൻ. തുടർന്ന് ജില്ലയിലെ കോണ്ഗ്രസ് അനുകൂല വാട്സാപ്പ് കൂട്ടായ്മയായ ഐഎൻസിയുടെ ഫൈറ്റേഴ്സ് മലപ്പുറം പൊതു കിണർ നിർമിച്ചു നൽകുകയായിരുന്നു. രാഹുൽ ഗാന്ധി റസ്ക്യു ഫോഴ്സും യൂത്ത് കെയർ പ്രവർത്തകരും കിണർ നിർമാണത്തിൽ പങ്കാളികളായി. പ്രദേശവാസിയായ കാടന്തൊടിക അബുവാണ് കിണർ കുഴിക്കുന്നതിനാവശ്യമായ സ്ഥലം നൽകിയത്.
കിണർ ഉപയോഗ പ്രദമായതോടെ പ്രദേശവാസികൾ വേനലിൽ അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിനാണ് പരിഹാരമായത്. ചടങ്ങിൽ കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. രാജീവ്, ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോജി കെ. അലക്സ്, എൻ.കെ. ഹമീദ് ഹാജി, വി. നിസാം നവാസ് പൂവിൽ, ബ്ലോക്ക് അംഗം കെ. തങ്കമ്മു, വൈശാഖൻ, പി. ശിഹാബ്, വി. ഷബീറലി, മണി പണ്ടാട്ടിൽ, സക്കീർ പൊന്നാനി, സദഖ പുറത്തൂർ, കെ. ബഷീർ, അനിൽ പെരിന്തൽമണ്ണ, നിബിൻ പാലാട്, മുഹമ്മദാലി, കെ. ജിനേഷ് തുടങ്ങിയവർ പ്രസംഗിച്ചു.