യുഡിവൈഎഫ് പ്രതിഷേധ മാർച്ച് നടത്തി
1264960
Saturday, February 4, 2023 11:44 PM IST
നിലന്പൂർ: നിലന്പൂർ നഗരസഭയിൽ മാലിന്യശേഖരണ പദ്ധതി താളം തെറ്റിയെന്നാരോപിച്ച് യുഡിവൈഎഫ് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
മാർച്ച് നഗരസഭാ കവാടത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ പല ഭാഗങ്ങളിലും മാലിന്യം നീക്കം ചെയ്യാതെ കുമിഞ്ഞു കൂടി കിടക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. വീടുകളിൽ നിന്ന് യഥാസമയം മാലിന്യം ശേഖരിക്കുന്നില്ല. മാലിന്യം തള്ളുന്നത് ചൂണ്ടികാണിച്ചാൽ, അതിന്റെ പേരിൽ പ്രതിഷേധിച്ചാൽ ഭീഷണിപ്പെടുത്തുന്ന സിപിഎമ്മിന്റെ കണ്ണൂർ മോഡൽ അക്രമ രാഷ്ട്രീയം നിലന്പൂരിൽ നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് അജ്മൽ അണക്കായി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് മൂർക്കൻ മാനു, കോണ്ഗ്രസ് മുനിസിപ്പിൽ കമ്മിറ്റി പ്രസിഡന്റ് അഡ്വ. ഷെറി ജോർജ്, നാണിക്കുട്ടി കൂമഞ്ചേരി, മുസ്തഫ കളത്തുംപടിക്കൽ, ഷുഹൈബ് മുത്ത്, ഷിഹാബ് ഇണ്ണി, ഇബ്നു വാജിദ്, റംസാദ്, ടി.എം.എസ് ആഷിഫ് എന്നിവർ പ്രസംഗിച്ചു.